home bannerKeralaNews

കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യത! മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇക്കൊല്ലവും കേരളത്തില്‍ പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ.എം രാജീവന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കുമെന്നും ഡോ. എം. രാജീവന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റില്‍ സംസ്ഥാനത്ത് അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അടക്കം വേറെ കെട്ടിടം വേണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ 27,000 ലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനം മൂന്നാം പ്രളയ ഭീതിയിലേക്ക് നീങ്ങുമ്പോള്‍ ളുകളെ എങ്ങനെ മാറ്റിപ്പാര്‍പ്പിക്കുമെന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് ആക്ഷേപമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കണമെന്നതാണ് പ്രതിസന്ധി.

കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം ഉണ്ടായപ്പോള്‍ ആദ്യം വെള്ളത്തിനടിയിലായ സ്ഥലമായിരുന്നു എറണാകുളം പറവൂരിലെ പുത്തന്‍വേലിക്കര. പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ചെറിയ ഷെഡ്ഡിലേക്ക് താമസം മാറേണ്ടിവന്ന പുത്തന്‍വേലിക്കര സ്വദേശികള്‍ ഇത്തവണത്തെ കാലവര്‍ഷത്തെയും ആശങ്കയോടെയാണ് കാണുന്നത്.

പുത്തന്‍വേലിക്കര പഞ്ചായത്തില്‍ മാത്രം, 2018 ല്‍ 20000 പേരെയും 2019 ല്‍ 5500 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നിരുന്നു. സാമൂഹിക അകലം പാലിച്ചുള്ള കിടപ്പും പ്രത്യേക ശുചിമുറിയുമൊക്കെ വേണ്ട ഈ കോവിഡ് കാലത്ത് ഇത്രയേറെ ആളുകളെ എങ്ങനെ മാറ്റുമെന്ന ആശങ്കയാണ് പഞ്ചായത്ത് ഭരണ സമിതിക്ക്. സര്‍ക്കാരില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശമൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എത്രയും വേഗം വ്യക്തമായ പദ്ധതി രേഖ നല്‍കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker