നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസ് നിയന്ത്രണങ്ങളോടെ നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഭാഗീക സര്‍വ്വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നും ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ബസ്സുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എന്നാല്‍ നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് നിയന്ത്രണങ്ങളുമായി ബസോടിക്കാനില്ലെന്ന് നിലപാടിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.

70 ശതമാനം സ്വകാര്യ ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവക്കുന്നതിന് ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്. 12,000- ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്നത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ തീര്‍ന്നാലും കുറച്ച് കാലത്തേക്ക് യാത്രക്കാര്‍ ബസ്സുകളില്‍ കയറാന്‍ വിമുഖത കാണിക്കും.

ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കുമെന്നും അതിനാല്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നി ആവശ്യങ്ങളാണ് പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News