രാജ്യത്ത് 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് കൊവിഡ്, ഒരു ദിവസം ഇത്രയും കേസുകള്‍ ആദ്യം; രോഗബാധിതരുടെ എണ്ണം 37,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. 71 പേരാണ് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 37336 ആയി. 26167 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 9950 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 1218 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍. 11506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തും ഡല്‍ഹിയുമാണ് തൊട്ടുപിന്നില്‍. 4721, 3738 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ 2719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.