EntertainmentNews

അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രം, അധികാരികള്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക; ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്ത്. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രമെന്ന് തോന്നുന്നുവെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

നിലവിലെ പരിഷ്‌കാരങ്ങളില്‍ ദ്വീപുവാസികളാരും സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നുവെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു സ്‌കൂള്‍ ഉല്ലാസ യാത്രയില്‍ നിന്നാണ് ഈ മനോഹരമായ ചെറിയ ദ്വീപിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മകള്‍. ടര്‍ക്കോയ്‌സ് നിറത്തിലെ വെള്ളവും സ്ഫടികം പോലുള്ള തടാകങ്ങളും എന്നെ അമ്പരപ്പിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ അനാര്‍ക്കലിയിലൂടെ സിനിമാ ചിത്രീകരണം ദ്വീപുകളിലേക്ക് തിരികെ കൊണ്ടുവന്ന ക്രൂവിന്റെ ഭാഗമായിരുന്നു ഞാന്‍. ഞാന്‍ കവരത്തിയില്‍ നല്ല രണ്ടുമാസങ്ങള്‍ ചെലവഴിച്ചു, ഒപ്പം ജീവിതകാലം മുഴുവന്‍ ഓര്‍മ്മകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വീണ്ടും സിനിമയുമായി അവിടേക്കു തിരിച്ചുപോയി, സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സ് പകര്‍ത്തിയതവിടെയാണ്. ലക്ഷദ്വീപിലെ ഊഷ്മളമായ ഹൃദയമുള്ള ആളുകള്‍ ഇല്ലെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളില്‍ നിന്ന് എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് എനിക്ക് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുന്നു, അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചിലപ്പോള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞാന്‍ ദ്വീപുകളെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ പോകുന്നില്ല, പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങള്‍’ തികച്ചും വിചിത്രമെന്ന് തോന്നുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനില്‍ അവ എളുപ്പത്തില്‍ ലഭ്യമായിരിക്കണം.

എനിക്കറിയാവുന്ന കാര്യം, എനിക്കറിയാവുന്ന ദ്വീപുവാസികളാരും, അല്ലെങ്കില്‍ എന്നോട് സംസാരിച്ചവരാരും അവിടെ നടക്കുന്ന സംഭവങ്ങളില്‍ തീര്‍ത്തും സന്തുഷ്ടരല്ല എന്നതാണ്. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു.

സംഭവിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും ഞങ്ങളുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളില്‍ അതില്‍ കൂടുതല്‍ വിശ്വാസമുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അധികാരിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍, അവരുടെ വരവില്‍ യാതൊരു വിധ ഇടപെടലും നടത്താന്‍ കഴിയാതെ വരുമ്പോള്‍, അവര്‍ അത് ലോകത്തിന്റെയും അവരുടെ സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍, അതിന്റെ മേല്‍ നടപടി സ്വീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു.

അതിനാല്‍ ബന്ധപ്പെട്ടവര്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്, അതിലും മനോഹരമായ ആളുകള്‍ അവിടെ വസിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button