കാസര്‍കോട്: ജയിലിലെ മെനുവില്‍ മാറ്റം വരുത്തണമെന്നാവശ്യവുമായി തടവുകാര്‍ രംഗത്ത്. അവിയല്‍ കഴിച്ചു മടുത്തെന്നും പകരം മറ്റൊരു കറി വേണമെന്നുമാണ് ചീമേനി തുറന്ന ജയിലിലെ തടവുകാരുടെ ആവശ്യം. തടവുകാരുടെ ആവശ്യം ജയില്‍ വകുപ്പിനു കൈമാറിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. തടവുകാര്‍ക്കു നല്‍കുന്ന ഉച്ച ഭക്ഷണത്തില്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നല്‍കുന്ന കറികളില്‍ പ്രധാനം അവിയലാണ്.
സസ്യാഹാരം കഴിക്കുന്ന തടവുകാര്‍ക്ക് മത്സ്യത്തിനും ഇറച്ചിക്കും പകരം നല്‍കാന്‍ നിര്‍ദേശിച്ചതും അവിയല്‍ തന്നെ. ഇതോടെ ആഴ്ചയില്‍ എല്ലാ ദിവസവും ഇവര്‍ അവിയല്‍ കഴിക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഭക്ഷണ മെനു പരിഷ്‌കരിച്ചതിനാല്‍ നിര്‍ദേശം നടപ്പാകാന്‍ സാധ്യത കുറവാണ്. എല്ലാ ശനിയാഴ്ചകളിലും നല്‍കുന്ന മട്ടന്‍ കറിക്ക് പകരം ചിക്കന്‍ കറി നല്‍കാന്‍ നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും നടപ്പായിട്ടില്ല.