NationalNews

ഭൂമിയിൽ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കി,ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്ന് പ്രധാനമന്ത്രി

ബെംഗലൂരു:  ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിൽ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറ‍ഞ്ഞു.

ബ്രിക്സ് ഉച്ചകോടിയിലും എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയിൽ പുതിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശിയാണ് പ്രധാനമന്ത്രി ആഹ്ലാദം പങ്കുവച്ചത്.

ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ്  ഐഎസ്ആർഓയ്ക്കൊപ്പം ചേർന്നത്. 

ചരിത്ര നിമിഷമെഴുതിയാണ്, കോടിക്കണക്കിന് ഇന്ത്യക്കാരെയും ലോകത്തെയും സാക്ഷിയാക്കി, ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button