NationalNews

‘പ്രധാനമന്ത്രിയെ വധിക്കും, നരേന്ദ്ര മോദി സ്‌റ്റേഡിയം തകർക്കും’; ഭീഷണി സന്ദേശം, സുരക്ഷ ശക്തമാക്കി പൊലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം തകർക്കുമെന്നും പറഞ്ഞ് ഭീഷണി സന്ദേശം. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നും 500 കോടി രൂപ നൽകമെന്നും ആവശ്യപ്പെട്ടാണ് ഇ-മെയിൽ ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന് പിന്നാലെ എൻഐഎ മുംബയ് പൊലീസ്, ഗുജറാത്ത് പൊലീസ്, രാജ്യത്തെ മറ്റ് അന്വേഷണ ഏജൻസികൾ എന്നിവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

സന്ദേശത്തിന് പിന്നാലെ ലോകകപ്പ് ക്രിക്കറ്റിൽ അഞ്ച് മത്സരങ്ങൾ നടക്കുന്ന മുംബയ് വാങ്കഡെ സ്റ്റേഡിയത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് മുംബയ് പൊലീസിന് ജാഗ്രതാ നിർദ്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്.

‘ലോറൻസ് ബിഷ്‌ണോയിയെ വിട്ടയച്ച് നിങ്ങളുടെ സർക്കാർ ഞങ്ങൾക്ക് 500 കോടി രൂപ നൽകിയില്ലെങ്കിൽ നരേന്ദ്ര മോദിയെ വധിച്ച് നരേന്ദ്ര മോദി സ്‌റ്റേഡിയം തകർക്കും. എല്ലാം വിൽക്കുന്നത് ഹിന്ദുസ്ഥാനിലാണ്. അതുകൊണ്ട് ഞങ്ങൾക്ക് ചിലത് വാങ്ങാനുണ്ട്. നിങ്ങൾ എത്രയൊക്കെ മുൻകരുതൽ എടുത്താലും ഞങ്ങളുടെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. നിങ്ങൾക്ക് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞങ്ങൾ പറയുന്നത് പോലെ ചെയ്യുക’- ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

2023 ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരം നടന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ വച്ചായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലേത്. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയുടെ കൊലപാതക കേസിൽ ആരോപണവിധേയനാണ് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി. നിലവിൽ അഹമ്മദാബാദ് ജയിലിലാണ്. തിഹാർ ജയിലിൽ കഴിയവേ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഉത്തരേന്ത്യൻ ഗുണ്ടാ നേതാവായ ദേവീന്ദർ ബാംബിഹയുടെ ഗ്യാങ്ങിന്റെ എതിരാളിയാണ്. ബാംബിഹ 2016ൽ പഞ്ചാബിലെ ഭട്ടിൻഡയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ഗ്യാങ്ങുമായുള്ള പക ലോറൻസ് ഗ്യാങ്ങ് ഇപ്പോഴും സൂക്ഷിക്കുന്നു. ഇരു ഗ്യാങ്ങുകളും തമ്മിൽ ഏറ്റുമുട്ടലും സമീപ വർഷങ്ങളിലുണ്ടായി. ബിഷ്‌ണോയി ജയിലിലാണെങ്കിലും അയാളുടെ അനുയായികളുടെ പ്രവർത്തനം സജീവമാണ്. നേരത്തെ, ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെയും ബിഷ്‌ണോയി സംഘം ഭീഷണി മുഴക്കിയിരുന്നു.

പഞ്ചാബിൽ സ്വാധീനമുള്ള 30കാരനായ ലോറൻസ് ബിഷ്‌ണോയി രാഷ്ട്രീയക്കാരുമായും സമ്പന്ന വ്യക്തികളുമായും അടുത്ത ബന്ധത്തിനും പ്രശസ്തനാണ്. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകൾ ബിഷ്‌ണോയി നേരിടുന്നു. ഖാലിസ്ഥാൻ പ്രസ്ഥാനത്തിനെതിരാണ് ബിഷ്‌ണോയി . ഭഗത് സിംഗ്, ഗുരു ജംഭേശ്വർ, ഹനുമാൻ തുടങ്ങിയവരുടെ ആരാധകൻ. പഞ്ചാബിൽ പൊലീസ് കോൺസ്റ്റബിളിന്റെ മകനായാണ് ജനനം. നിയമ ബിരുദധാരിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button