ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ പീഡിപ്പിച്ച പുരോഹിതന്‍ അറസ്റ്റില്‍

ബംഗളൂരു: ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പുരോഹിതന്‍ അറസ്റ്റില്‍. ചിക്കബല്ലാപുര സ്വദേശിയായ വെങ്കടരാമനപ്പ (68)യെ ആണ് ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേവനഹള്ളിക്കടുത്ത ക്ഷേത്രം താല്‍ക്കാലികമായി നോക്കി നടത്തിവന്നത് ഇയാളായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രത്തിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയായ പെണ്‍കുട്ടിയെ വെങ്കടരാമനപ്പ മിഠായി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ തേടിയെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ക്ഷേത്രത്തിന് പുറത്ത് പൂക്കള്‍ വില്‍ക്കുന്ന ഒരു സ്ത്രീയാണ് പെണ്‍കുട്ടിയെ പുരോഹിതന്‍ കൂട്ടിക്കൊണ്ട് പോയെന്ന വിവരം നല്‍കിയത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ പുരോഹിതന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News