തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ല.തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലിക്കെ ചൊവ്വാഴ്ച രാവിലെയാണ് ഫാ. വര്‍ഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഏപ്രില്‍ 20ന് സംഭവിച്ച ഒരു ബൈക്ക് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഫാദറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടയില്‍ ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനാല്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.
തലയിലെ പരുക്ക് ഭേദമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഫാദറിനെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ കണ്ണിനും പരുക്കേറ്റിരുന്നതിനാല്‍ ഇതിനിടയില്‍ തന്നെ മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തിലും ഫാദര്‍ ചികിത്സ തേടിയിരുന്നു. രണ്ടു ദിവസം മുമ്പ് ന്യുമോണിയ ലക്ഷണം പ്രകടമായതോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റുകയും, സ്രവ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം കോട്ടയം ജില്ലയില്‍ വിദേശത്തു നിന്നെത്തിയ ആറു പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്റയിനിലും കഴിയുകയായിരുന്നു. ആരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.ഇതിനിടെ ചൊവ്വാഴ്ച 12 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.