തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ സംസ്കരിച്ചു. ഇന്നലെ സംസ്കാരം നടത്താനിരുന്ന സെമിത്തരിയുടെ തൊട്ടടുത്ത സെമിത്തേരിയിലായിരുന്നു സംസ്കാരം. അതേസമയം സ്ഥലത്ത് ഇന്നും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വർഗീസിന്റെ സംസ്കാരം നടത്തിയത്. മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ ഇന്നലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു.
തുടർന്ന് സഭ അധികൃതർ ഇടപെട്ട് തൊട്ടടുത്ത് തന്നെയുളള മറ്റൊരു ഇടവകയുടെ സെമിത്തേരിയിൽ സംസ്കാരം നടത്താൻ നിശ്ചയിക്കുകയായിരുന്നു. എന്നാൽ ജെസിബിയുമായി നഗരസഭ അധികൃതർ എത്തിയപ്പോൾ ഒരുവിഭാഗം നാട്ടുകാർ എതിർത്തു
എംഎൽഎ വികെ പ്രശാന്ത്, മേയർ കെ ശ്രീകുമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെത്തിയാണ് ജനങ്ങളെ അനുനയിപ്പിച്ചത്. വൈദികന് രോഗം എവിടെ നിന്ന് വന്നു എന്ന് വ്യക്തമാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്.