KeralaNews

പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ? ഫേസ്ബുക്ക് പോസ്റ്റുമായി വി.സി അഭിലാഷ്

ആനപ്രേമികളെ വിമര്‍ശിച്ച് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ വി.സി അഭിലാഷ്. പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ എന്ന് അഭിലാഷ് ചോദിക്കുന്നു. അവരെ തടി പിടിക്കാനയയ്ക്കുമോ എന്നും ഉത്സവമുറ്റത്തെ തീപ്പന്തങ്ങള്‍ക്കും ചെണ്ടഘോഷങ്ങള്‍ക്കും നടുവില്‍ കെട്ടുകാഴ്ച്ചയാക്കി നിര്‍ത്തി പണമുണ്ടാക്കുമോ എന്നും അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഈ പ്രേമരോഗികളെ തനിക്ക് വെറുപ്പാണെന്നും അഭിലാഷ് പറയുന്നു.

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കുറേ ആനപ്രേമികളുണ്ട് നാട്ടില്‍.
എവിടെ ആനയെ കണ്ടാലും ”ഇത് മ്മടെ മംഗലാശ്ശേരി കുട്ടിശ്ശങ്കരനല്യേ?” – ന്നും ചോദിച്ച് അതിന്റെ മുമ്പില്‍ ചെന്ന് നില്‍ക്കും. കുട്ടിശ്ശങ്കരനല്ലെങ്കില്‍ അത് പിന്നെയാരെന്ന് ഓര്‍ത്തെടുത്ത് പറയും.
ഒപ്പം,
”എനിക്ക് പിണ്ടം കണ്ടാലറിയാം ഏതാനയാണെന്ന്!” – എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും..

അപ്പോള്‍ കണ്ട് നില്‍ക്കുന്നയാളുകള്‍ പറയും.(അല്ലെങ്കില്‍ പറയണം):
”അയ്യാള് വല്യ ആനപ്രേമിയാണേ!”

മറ്റ് ചിലര് പ്രേമം മൂത്ത് ലക്ഷങ്ങള്‍ കൊടുത്ത് ആനയെ വാങ്ങും.
അവയെ ഉത്സവത്തിന് പറഞ്ഞ് വിടും.
തടി പിടിക്കാനയയ്ക്കും.

വേറെ പണിയൊന്നും ഇല്ലാത്തപ്പൊ തറവാടിന്റെ മുറ്റത്ത് തലയാട്ടി പിണ്ഡമിട്ട് നിന്നോണം. വരണോരും പോണോരും അറിയണം കുലമഹിമ. ചില വലിയ ഷോപ്പുകളുടെ മുന്നില്‍ ആനയുടേയും കരടിയുടേയും ‘ബൊമ്മ’ കെട്ടിയാടുന്ന മനുഷ്യരെപ്പോലെ!

സത്യം പറഞ്ഞാല്‍ ഇമ്മാതിരി പ്രേമരോഗികളെ എനിക്ക് വെറുപ്പാണ്.
ആനപ്രേമിയാണ് പോലും.
പ്രേമിക്കുന്നവരെ ലോകത്ത്
ആരെങ്കിലും ചങ്ങലയ്ക്കിടുമോ?
തടി പിടിക്കാനയയ്ക്കുമോ?
ഉത്സവമുറ്റത്തെ തീപ്പന്തങ്ങള്‍ക്കും ചെണ്ടഘോഷങ്ങള്‍ക്കും നടുവില്‍ കെട്ടുകാഴ്ച്ചയാക്കി നിര്‍ത്തി പണമുണ്ടാക്കുമോ?

അങ്ങനെ പൊരിവെയിലത്തും മറ്റും നിന്ന് ഈ മിണ്ടാപ്രാണികള്‍ ദുരിതമനുഭവിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ‘പ്രേമലോലന്‍മാര്‍’ അവയുടെ മുന്നില്‍ നിന്ന് മറ്റേ ഡയലോഗടിക്കും; ”വാര്യത്തെ നീലകണ്ഠനല്യോ ഇത്…? ..അല്ല…ല്ലൊ”

സഹ്യന്റെ മകന്റെ ഉള്‍മനസിലെ
കാട്ടു സ്വപ്നങ്ങളെ സൂചിപ്പിച്ച്
”ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാന്‍ വേറിട്ടിടം ?”- എന്ന് വൈലോപ്പിള്ളി എഴുതിയത് ഇക്കൂട്ടര്‍ വായിച്ചിട്ടുണ്ടാവില്ല!

ആന വന്യജീവിയാണ്. അതൊരിക്കലും നാട്ടുജീവിയല്ല. ‘നാട്ടാന’ എന്ന വാക്കു തന്നെ നാട്ടിലെ ഏറ്റവും വലിയ ഫേക്ക് പ്രയോഗമാണ്. പക്ഷേ കൊച്ചു കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ പോലും പലപ്പോഴും ആനയെ ഒരു നാട്ടുജീവിയായാണ് അവതരിപ്പിക്കാറുള്ളത്.

എന്നാല്‍ കാടിന്റെ ഹരിതശീതളിമയില്‍ കഴിയുന്ന വിധത്തിലാണ് അവയുടെ
ശരീര ഘടന. കാടകങ്ങള്‍ ശിഥിലമാക്കുമ്പോളാണ്, അവിടെ ജീവസന്ധാരണത്തിന് വഴിയില്ലാത്തമ്പോഴാണ് അവ അതിരുകളിലേക്കെത്തുന്നത്. അവയുടെ അതിരുകളില്‍ ഇടംകയ്യേറിയത് നമ്മളാണ്. അവര്‍ അതോടെ അവ നമുക്ക് ശത്രുക്കളാവുന്നു

ആയതിനാല്‍ ആന പ്രേമികളെ,
മാതംഗലീല വല്ല ഗ്രന്ഥപ്പുരകളിലും
ഒളിപ്പിച്ചു വയ്ക്കൂ.
അല്ലെങ്കില്‍ കത്തിച്ച് കളയൂ.
എന്നിട്ട് ആനകള്‍ മജ്ജയും മാംസവുമുള്ള ജീവികളാണെന്ന് ദയവായി തിരിച്ചറിയൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker