കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഭര്‍തൃമതിയായ യുവതിയെ വൈദികന്‍ പീഡിപ്പിച്ചു

കല്‍പ്പറ്റ: കുടുംബവഴക്ക് പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലി (37) നെ കമ്പളക്കാട് സി.ഐ, എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു.

ഫാമിലി കൗണ്‍സിലര്‍ കൂടിയായ വൈദികന്‍ പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബവഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും തമ്മില്‍ കൂടുതല്‍ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വൈദികനെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കമ്മന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വൈദികനാണ് ഫാ. ബാബു വര്‍ഗീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News