പത്തനംതിട്ട: എരുമേലി കണമലയില്‍ കാട്ടുപോത്ത് അക്രമാസക്തനായി നാട്ടിലിറങ്ങിയതിന് പിന്നില്‍ വേട്ടക്കാരുടെ സാന്നിധ്യമുണ്ടോ എന്ന സംശയം ബലപ്പെടുന്നു. വേട്ടക്കാര്‍ വിരട്ടിയോടിച്ചതിന് പിന്നാലെയാണോ കാട്ടുപോത്ത് നാട്ടിലേക്ക് കടന്നതെന്നും രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നുമാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
മറ്റ് വന്യമൃഗങ്ങളുടെ ആക്രമണം അല്ലെങ്കില്‍ വേട്ടക്കാര്‍, സാധാരണഗതിയില്‍ ഈ രണ്ട് സാഹചര്യങ്ങളിലാണ് കാട്ടുപോത്തുകള്‍ അക്രമാസക്തരാകാറുള്ളത്. ഇവരില്‍നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് കാട്ടുപോത്തുകള്‍ അക്രമകാരികള്‍ ആകാറുള്ളത്. കൂടാതെ ആരോഗ്യപ്രശ്‌നം രൂക്ഷമാകുമ്പോഴും കാട്ടുപോത്തുകള്‍ അക്രമസക്തമാകാറുണ്ട്.
കണമലയില്‍ ആക്രമണം നടത്തിയ കാട്ടുപോത്തിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അത്, ആരോഗ്യവാനായാണ് കാണപ്പെടുന്നത്. അതിനാല്‍ത്തന്നെ ഇത് വനമേഖലയില്‍നിന്ന് ഒന്നര കിലോമീറ്റളോളം പുറത്തെത്തി രണ്ടുപേരെ കൊലപ്പെടുത്തിയത് ജീവഭയത്തിലുള്ള ഓട്ടത്തില്‍ സംഭവിച്ചതാണെന്നാണ് വനംവകുപ്പിന്റെ നിലവിലെ വിലയിരുത്തല്‍.
കാട്ടുപോത്ത് ഒരുപക്ഷെ വേട്ടക്കാരുടെ ഭാഗത്തുനിന്നുള്ള ആക്രമണം ഭയന്നോടിയത് ആകാമെന്നാണ് കരുതപ്പെടുന്നത്. കണമലയോട് ചേര്‍ന്ന് കിടക്കുന്ന വനമേഖല റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വരുന്നതാണ്. ഇവിടെ വ്യാഴാഴ്ച രാത്രി വേട്ടക്കാരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്.
അതിനാല്‍ത്തന്നെ ഒരുപക്ഷേ അക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രാണഭയത്താല്‍ ഓടുന്നതിനിടെ കാട്ടുപോത്ത് ആളുകളെ കുത്തിവീഴ്ത്തിയതാകാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള പരിക്ക് കാട്ടുപോത്തിന് ഏറ്റിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കാട്ടുപോത്ത് നിലവില്‍ പത്തുകിലോമീറ്ററോളം കാടിനുള്ളിലാണെന്നാണ് നിഗമനം.