തിരുവനന്തപുരത്ത് യുവതി കാറിനുള്ളില്‍ പ്രസവിച്ചു; രക്ഷകരായി 108 ആംബുലന്‍സും

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രമധ്യേ യുവതി കാറിനുളളില്‍ പ്രസവിച്ചു. നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തികുഴി കുന്നംപുറത്ത് വീട്ടില്‍ ശ്രീജിത്തിന്റെ ഭാര്യ നിമിഷ (24)യാണ് കാറിനുളളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് 4.45 നാണ് സംഭവം. നിമിഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാറില്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയില്‍ 108 ആംബലന്‍സിന്റെ സേവനവും ഇവര്‍ തേടിയിരിന്നു.

എന്നാല്‍ കാര്‍ അര കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടയില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രതീഷ് ടി. എസ്സിന്റെ പരിശോധനയില്‍ നിമഷയെ കാറില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് കാറിനുളളില്‍ വച്ച് തന്നെ പ്രസവം നടന്നു.

പ്രാഥമിക പരിചരണം നല്‍കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ആശുപത്രിയില്‍ കഴിയുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News