ഗര്‍ഭിണിയായ കൊവിഡ് രോഗിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

ബംഗളൂരു: ഗര്‍ഭിണിയായ കൊവിഡ് രോഗിയെ ഡോക്ടര്‍ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്ന് ആരോപണം. ബംഗളൂരുവിലാണ് സംഭവം. ജൂലൈ 25നാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. ട്രോമ കെയര്‍ സെന്ററില്‍ ജോലിക്കുണ്ടായിരുന്ന ഡോക്ടറാണ് യുവതിയെ പീഡിപ്പിച്ചത്.

തുടര്‍ന്ന് യുവതി സംഭവം വാര്‍ഡിയില്‍ ജോലിക്കുണ്ടായിരുന്ന ഡോക്ടര്‍ ആസിമ ബാനുവിനോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അഞ്ച് ദിവസത്തിന് ശേഷം, ജൂലൈ 30 നാണ് വി.വി പുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും എന്നാല്‍ കെ.ജി ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷം അന്വേഷണത്തെ ബാധിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

കൊവിഡ് ചികിത്സയില്‍ തുടരുന്ന യുവതി കഴിഞ്ഞ ആഴ്ച കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. സംഭവം നടന്ന് ഒരു മാസം എത്തിനില്‍ക്കുമ്പോള്‍ യുവതിയുടെ മൊഴി എടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. യുവതി കൊവിഡ് ചികിത്സയിലാണെന്നും രോഗം ഭേദമായ ശേഷം മൊഴിയെടുക്കുമെന്നുമാണ് പോലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News