കൊച്ചി: ആള്‍ത്താമസമില്ലാത്ത വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ ഡിജിപി ഇടപെട്ട് രക്ഷപ്പെടുത്തി. കൊച്ചിയിലാണ് സംഭവം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിന് സമീപം ആള്‍താമസമില്ലാതെ ജീര്‍ണ്ണിച്ച വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ പൂച്ചയെയാണ് രക്ഷപ്പെടുത്തിയത്.
ആളില്ലാത്ത വീട്ടില്‍ രണ്ട് ആഴ്ചയാണ് ഗര്‍ഭിണി പൂച്ച കുടുങ്ങികിടന്നത്. സമീപവാസിയായ സക്കീര്‍ കൊടുത്ത ഭക്ഷണം കഴിച്ചാണ് പൂച്ച ജീവന് നിലനിര്‍ത്തിയിരുന്നത്. കാലപഴക്കമുള്ള കെട്ടിടത്തില്‍ കയറി രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
ഇതോടെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സക്കീര്‍ പറഞ്ഞു. പോലീസിന് അതിനുള്ള സജ്ജീകരണങ്ങള്‍ ഇല്ലെന്നാണ് ഫോര്‍ട്ട് കൊച്ചി സി ഐ മനുരാജ് അറിയിച്ചത്. പിന്നീട് സക്കീര്‍ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പോലീസുകാരന് പി എസ് രഘുവിനെ വിവരം അറിയിച്ചു.
അദ്ദേഹം രാത്രി തന്നെ ഈ വിവരം ഡിജിപിയും ഫയര്‍ഫോഴ്സ് കമാണ്ടന്റ് ജനറലുമായ ഡോ. ബി സന്ധ്യയെ അറിയിച്ചു. ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ തന്നെ ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും ജീര്‍ണ്ണിച്ച കെട്ടിടമായതിനാല്‍ രക്ഷപ്പെടുത്താനായില്ല.
അതിനാല്‍ രക്ഷാദൗത്യം ഇന്നേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പൂച്ചയെ രക്ഷിച്ചത്. ഡിജിപിക്കും ഫയര്‍ഫോഴ്സ് മട്ടാഞ്ചേരി യൂണിറ്റിനും, കളമശ്ശേരിയിലെ സിപിഓ രഘു പി എസ്സിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സക്കീര്‍ റെസാറിയോ പറഞ്ഞു.