‘വിളിച്ചപ്പോള്‍ എന്തെങ്കിലും കെണിയാവും എന്നാണ് കരുതിയത്’; സലീംകുമാറിനെ തേടി വി.ഡി സതീശന്റെ സര്‍പ്രൈസ്

പറവൂര്‍: ‘വെള്ളിയാഴ്ച രാവിലെ രമേഷ് ഡി കുറുപ്പ് വിളിച്ച് വീട്ടിലുണ്ടാവുമോ എന്ന് ചോദിച്ചു. എന്തെങ്കിലും കെണിയാവും എന്നാണ് കരുതിയത്…’ വിവാഹ ജീവിതത്തിന്റേയും സിനിമയിലേക്ക് എത്തിയതിന്റേയും 25ാം വാര്‍ഷികത്തിന്റെ മധുരത്തിലിരിക്കുന്ന സലീം കുമാറിനെ തേടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപ്രതീക്ഷിതമായി എത്തിയപ്പോള്‍ താരത്തിന്റെ ചിരി നിറച്ച വാക്കുകള്‍ ഇങ്ങനെ… പ്രതിപക്ഷ നേതാവ് വീട്ടിലെത്തുമെന്നോ ആദരിക്കുമെന്നോ ഒന്നും രമേഷ് ഡി കുറുപ്പ് പറഞ്ഞില്ല.

തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സലീം കുമാര്‍ ഇത് പറഞ്ഞപ്പോള്‍ ലാഫിങ് വില്ലയാകെ ചിരിയിലമര്‍ന്നു. മുന്‍ പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പിനും സിനിമ,സീരിയല്‍ നടന്‍ വിനോദ് കെടാമംഗലത്തിനും ഒപ്പമാണ് പ്രതിപക്ഷ നേതാവ് സലീംകുമാറിന്റെ വീട്ടിലെത്തിയത്. വീട്ടുവളപ്പിലുണ്ടായ കരിക്ക് നല്‍കി പ്രതിപക്ഷ നേതാവിനെ സലിംകുമാര്‍ സ്വീകരിച്ചു.

സലിംകുമാറിനെയും ഭാര്യ സുനിതയെയും പ്രതിപക്ഷ നേതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.പ്രതിപക്ഷ നേതാവ് ഒപ്പിട്ട മൊമന്റോയും അദ്ദേഹത്തിന്ന നല്‍കി. മിമിക്രി കലാകാരനായിരുന്ന 1996 സെപ്റ്റംബര്‍ 14-നാണ് സുനിതയെ സലിംകുമാര്‍ വിവാഹം കഴിച്ചത്.

പിറ്റേ ദിവസം ബന്ധുവീട്ടില്‍ നിന്നാണ് ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. അന്നുമുതല്‍ ഇന്നുവരെ മൂന്നു തമിഴ് ചിത്രങ്ങളിലും ഒരു ഒറിയ ചിത്രത്തിലും ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. വിവിധ സംസ്ഥാന പുരസ്‌കാരങ്ങളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News