തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം ? പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മേല്‍ക്കൈ നിലവില്‍ ഇടതുമുന്നണിയ്ക്ക് ഇല്ല എന്നു തന്നെയാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.
രണ്ടു പ്രധാന ചാനലുകളാണ് തങ്ങളുടെ പ്രീ പോള്‍ സര്‍വേ പുറത്തുവിട്ടത്. ഇവര്‍ക്കായി ചില ഏജന്‍സികള്‍ നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നായിരുന്നു ഫലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കുമെന്നായിരുന്നു അന്നു സര്‍വേ പ്രവചിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിക്കുമെന്നും സര്‍വേ പ്രവചിച്ചിരുന്നു.
യുഡിഎഫിന് കഴിഞ്ഞതവണത്തെക്കാള്‍ നില മെച്ചപ്പെടുത്താനാവുമെങ്കിലും അതു ഭരണത്തിലേയ്ക്ക് എത്താന്‍ പ്രയോജനപ്പെടില്ലെന്നും സര്‍വേ കണ്ടെത്തിയിരുന്നു. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന ഫലം തന്നെയായിരുന്നു തദ്ദേശതെരഞ്ഞെടുപ്പില്‍ കാണാനായത്.
പ്രീപോള്‍ സര്‍വേകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമാണ്. വികസന വിഷയങ്ങളും കോവിഡ് പ്രതിരോധവും കിറ്റ് വിതരണവും ഇടതിനു ഗുണം ചെയ്യുമോ എന്ന ചോദ്യങ്ങള്‍ക്കും ഉത്തരം തേടുന്നുണ്ട്.
നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഒരു മുന്നണിക്കും വ്യക്തമായ ഒരു ലീഡ് ഉണ്ടാകില്ലെന്നാണ് സൂചന. ഇടതുമുന്നണിക്ക് 65 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. യുഡിഎഫിന് 64 സീറ്റു മുതല്‍ 67 സീറ്റുവരെ ലഭിക്കാനിടയുണ്ട്. ബിജെപിയ്ക്ക് മൂന്നു മുതല്‍ അഞ്ചു സീറ്റ് വരെയും മറ്റുള്ളവര്‍ മൂന്നു വരെയും നേടാനിടയുണ്ടെന്നും പ്രവചനമുണ്ട്. മറ്റൊരു സര്‍വേയില്‍ ഇടതുമുന്നണിയ്ക്ക് 72 സീറ്റുവരെ പ്രവചിക്കുന്നുണ്ട്.