തിരുവനന്തപുരം: സിനിമ -സീരിയല്‍ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുകൊണ്ടുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതി പിടിയില്‍. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ ദില്ലിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ദില്ലി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ജാമ്യത്തില്‍ പോയശേഷവും ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും തന്‍റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ കുരുക്കിൽ നിന്നും രക്ഷയില്ലേ..? എന്ന പരമ്പരയിലായിരുന്നു പ്രവീണയുടെ വെളിപ്പെടുത്തല്‍.
ഇതിനുപിന്നാലെയാണ് സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ ഇപ്പോള്‍ വീണ്ടും പിടികൂടിയത്. കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നുമായിരുന്നു പ്രവീണയടെ പ്രതികരണം.
എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്.
അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്”, എന്നായിരുന്നു പ്രവീണയുടെ വെളിപ്പെടുത്തല്‍. കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂമെന്നും എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു. സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു