വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി
കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. പിന്നാലെയാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയിന്മേലാണ് നടപടി.
ബുധനാഴ്ച രാത്രിയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു. ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് മഞ്ചേശ്വരം അങ്ങാടിമുഗര്‍ പറളദം വീട്ടില്‍ പി.എ. അബ്ദുല്‍ നാസറി (21) നാണ് വെട്ടേറ്റത്. വയറിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ അബ്ദുല്‍ നാസര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
വിദ്യാര്‍ഥി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജും കോളേജ് ഹോസ്റ്റലുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. ഒരാഴ്ചയായി സംഘര്‍ഷങ്ങളാല്‍ കലുഷിതമാണ് മഹാരാജാസ് കോളേജ്. തുടരെത്തുടരേയുള്ള അക്രമങ്ങളാണ് ഒടുവില്‍ വധശ്രമത്തില്‍ വരെയെത്തിയത്.
അടുത്തിടെ ടൂറിസം ക്ലബ്ബ് അംഗങ്ങളെ വിനോദയാത്രയ്ക്കിടെ ഒരു സംഘം ട്രെയിനില്‍ കയറി ആക്രമിച്ചതാണ് സംഘര്‍ഷ പരമ്പരയുടെ തുടക്കം. തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് കോളേജില്‍ എസ്.എഫ്.ഐ. – കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനും സാരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.എം. നിസാമുദ്ദീന്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബുധനാഴ്ച ഉച്ചയോടെ അധ്യാപകനെതിരേ ആക്രമണമുണ്ടായതെന്ന് പോലീസ് പറയുന്നു.
അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകനെ ആക്രമിച്ചതിനെതിരേ എസ്.എഫ്.ഐ. പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ബുധനാഴ്ച രാത്രി വധശ്രമം വരെയെത്തിയ സംഘര്‍ഷം നടന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ കനത്ത പോലീസ് സുരക്ഷയിലാണ് കാമ്പസ്.