26.8 C
Kottayam
Sunday, May 5, 2024

കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്,കുഴൽപ്പണം തട്ടിക്കൊണ്ടുപോയ ഉടൻ ധർമ്മരാജൻ ആദ്യം വിളിച്ചത് സുരേന്ദ്രനെ

Must read

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകളാണ് പുറത്തുവിട്ടത്. പ്രസീതയുടെ ഫോണിൽ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു.

ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്തുവന്നിട്ടുണ്ട്

കൊടകരയിൽ മൂന്നരക്കോടിയുടെ കുഴൽപ്പണം തട്ടിക്കൊണ്ടുപോയ ഉടൻ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധർമരാജൻ ഫോണിൽ ബന്ധപ്പെട്ടവരിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ബി.ജെ.പി. സംസ്ഥാന, ജില്ലാ നേതാക്കളായ ആറുപേരുമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. പണം പോയി അരമണിക്കൂറിനുള്ളിൽ ധർമരാജൻ ഇവരെയെല്ലാം വിളിച്ചതായാണ് ഫോൺവിളി രേഖകളിൽനിന്നു കണ്ടെത്തിയത്. ഇതിൽ ഇവരെക്കൂടാതെ സുരേന്ദ്രന്റെ മകനുമുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

വിവരങ്ങൾ ശേഖരിക്കാൻ ആർ.എസ്.എസ്. സംസ്ഥാന പ്രാന്ത കാര്യവാഹക് പി.എൻ. ഈശ്വരനോട് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി. ഉത്തരമേഖലാ സെക്രട്ടറി കെ.പി. സുരേഷിനെയും ചോദ്യംചെയ്യും. തൃശ്ശൂരിൽ ആറുകോടിയിലേറെ രൂപയെത്തി, അത് പലയിടത്തേക്കു കൊണ്ടുപോയി എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊഴിയെടുക്കുകയാണു ലക്ഷ്യം.

കേസിൽ പ്രതിപാദിക്കുന്ന മൂന്നരക്കോടിയിൽ രണ്ടേകാൽ കോടി കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പോലീസ്. ഒന്നേകാൽ കോടി മാത്രമാണ് പ്രതികളിൽനിന്ന് ഇതുവരെ കണ്ടെത്താനായത്. ബാക്കി തുകകൂടി കണ്ടെത്തിയാലേ കേസിൽ ബി.ജെ.പി. ബന്ധങ്ങൾ തെളിയിക്കാനാകൂ. പണം കണ്ടെത്താൻ പ്രത്യേക സംഘം കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അന്വേഷണസംഘത്തിൽനിന്നുതന്നെ വിവരം ചോർന്ന് പണം ഒളിപ്പിച്ചതായും സംശയമുണ്ട്. സംഘത്തെ ഉടൻ അഴിച്ചുപണിയാനും സാധ്യതയുണ്ട്.ധർമരാജൻ സ്പിരിറ്റ് കടത്തുകേസിൽ 70 ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week