തിരുവനന്തപുരം: ജന്മദിനത്തില് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഭിന്നശേഷിക്കാരന് പ്രണവിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി. ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കിയത്. ഇരുകൈകളുമില്ലാത്തതിനാല് കാലുകൊണ്ടാണ് പ്രണവ് മുഖ്യമന്ത്രിയ്ക്ക് തുക കൈമാറിയത്. മുഖ്യമന്ത്രിയ്ക്കൊപ്പം കാലുകൊണ്ട് സെല്‍ഫിയുമെടുത്ത ശേഷമാണ് പ്രണവ് മടങ്ങിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന്, അച്ഛന് ബാലസുബ്രഹ്മണ്യത്തിനും അമ്മ സ്വര്ണകുമാരിക്കും ഒപ്പമെത്തിയ പ്രണവ് പറഞ്ഞു. സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് എത്തിയ ആലത്തൂര്‍ സ്വദേശി പ്രണവിനെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിയ്ക്കാന്‍ മുഖമന്ത്രിയും മറന്നില്ല. രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പിറന്നാള്‍ സമ്മാനം നല്‍കാനെത്തിയ പ്രണവിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിറ്റൂര്‍ ഗവ കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ്സി കോച്ചിംഗിന് പോവുകയാണിപ്പോള്‍.
Posted by Pinarayi Vijayan on Monday, November 11, 2019