കേരളത്തെ പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്(prakash raj). താൻ രണ്ട് ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും അതിൽ കേരളം ഉൾപ്പെടുന്ന ഇന്ത്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ.എൻ.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിച്ച ശേഷം പ്രതികരിക്കുക ആയിരുന്നു നടൻ.
“ഞാൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണ് ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉൾപ്പെടുന്നത്. കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി” പ്രകാശ് രാജ് പറഞ്ഞു.
സ്ക്രീനിൽ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തിൽ യഥാർഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജെന്നും അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും സ്പീക്കർ എം.ബി. രാജേഷ് ചടങ്ങിൽ പറഞ്ഞു.
സാമൂഹിക പ്രശ്നങ്ങളിൽ തന്റേതായ നിലപാടുകൾ പറയുന്നതിൽ മടികാണിക്കാത്ത നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശങ്ങൾക്കും പ്രകാശ് രാജ് പാത്രമായിട്ടുണ്ട്. നിരവധി മലയാള സിനിമയുടെ ഭാഗമാകാൻ നടന് സാധിച്ചിട്ടുണ്ട്.