ഹൃദയത്തിലെ ഉണക്ക മുന്തിരി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്, നാലാം ഗാനം ഇന്ന് പുറത്തിറങ്ങും
കൊച്ചി:പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ‘ഹൃദയം'(Hridayam). ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനായിഎത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. പുറത്തിറങ്ങിയ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യ വിനീത് പാടിയ ‘ഉണക്ക മുന്തിരി’ എന്ന ഗാനമാണ് അവസാനമായി പുറത്തിറങ്ങിയത്.
ആകർഷകമായ വരികൾ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഗാനം ഇപ്പോൾ നാല് മില്യൺ കാഴ്ചക്കാർ കടന്നിരിക്കുകയാണ്. ഗാനം ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് വിനീത് ശ്രീനിവാസൻ നന്ദിയും അറിയിച്ചു. ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് പാട്ടിന്റെ സ്ഥാനം. നിരവധി മികച്ച പ്രതികരണങ്ങൾ പാട്ടിന് ലഭിക്കുന്നുണ്ട്.
ചിത്രത്തിലെ നാലാമത്തെ ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങും. ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് അറിയിച്ചു. ചിത്രം ജനുവരി 21ന് പ്രേക്ഷകർക്ക് മുന്നെലെത്തും.
പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ‘ദര്‍ശന’ സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. നിവിൻ പോളി നായകനാകുന്ന തുറമുഖം, ദുൽഖർ നായകനാകുന്ന സല്യൂട്ട്, ടൊവിനോയുടെ നാരദൻ തുടങ്ങിയ സിനിമകൾ ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ഹൃദയവും എത്തുന്നത്.