NationalNews

‘എന്നോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് തീർത്ത് പറഞ്ഞു’തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഗ്യാ സിംഗ് ഠാക്കൂർ

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന ബിജെപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ഭോപ്പാൽ എംപി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ. മോദിജിക്ക് ഇഷ്ടപ്പെടാത്ത ചില വാക്കുകൾ മുമ്പ് ഞാൻ ഉപയോഗിച്ചിരുന്നു. ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടെന്നും അതാവും സീറ്റ് നൽകാത്തതിന് കാരണമെന്നും അവർ പറഞ്ഞു.

‘ഞാൻ മുമ്പ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ആവശ്യപ്പെടുന്നില്ല. എന്റെ മുൻ പ്രസ്താവനകളിൽ ചിലത് പ്രധാനമന്ത്രിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നോട് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എങ്കിലും ഞാൻ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. ബിജെപി വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി എന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഞാൻ ഏറ്റെടുത്ത് നിറവേറ്റും. ‘ – ഒരു ദേശീയ മാദ്ധ്യമത്തോട് പ്രഗ്യാ സിംഗ് ഠാക്കൂർ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ 195 സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രഗ്യാ സിംഗ് ഠാക്കൂർ ഉൾപ്പെടെ 33 സിറ്റിംഗ് എംപിമാരുടെ പേരുകൾ ഇല്ലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രഗ്യാ പ്രതികരണവുമായി രംഗത്തെത്തിയത്. മുൻ മേയർ അലോക് ശർമയെയാണ് മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കൂടിയായ പ്രഗ്യയ്‌ക്ക് പകരം ഭോപ്പാലിൽ നിന്ന് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

മഹാത്മാഗാന്ധിക്കെതിരെ പ്രഗ്യാ 2019ൽ നടത്തിയ പരാമർശങ്ങളെ എതിർത്തുകൊണ്ട് മോദി സംസാരിച്ചത് ശ്രദ്ധ നേടിയിരുന്നു. നാഥുറാം ഗോഡ്‌സെയെ ‘യഥാർത്ഥ രാജ്യസ്‌നേഹി’ എന്നും പ്രഗ്യാ പറഞ്ഞിരുന്നു. മഹാത്മാഗാന്ധിയെ അപമാനിച്ച സാധ്വി പ്രഗ്യയോട് ഒരിക്കലും പൊറുക്കില്ലെന്നാണ് പ്രധാനമന്ത്രി അന്ന് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button