ഗോഡ്‌സേ രാജ്യസ്‌നേഹി; കോണ്‍ഗ്രസ് രാജ്യസ്‌നേഹികളെ അപമാനിക്കുന്നുവെന്ന് പ്രഗ്യാസിംഗ്
ഉജ്ജയ്ന്‍: രാഷ്ട്രപിതാവ് മഹാതാമാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹി തന്നെയെന്ന് ആവര്‍ത്തിച്ചു ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍.
രാജ്യസ്‌നേഹികളെ അപമാനിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനു പണ്ടേയുള്ളതാണ്. അവരെ കാവി തീവ്രവാദികള്‍ എന്നു വിളിക്കുന്നു. ഇതിനെക്കാള്‍ മോശമായ പ്രസ്താവന കേട്ടിട്ടില്ല എന്നാണു പ്രഗ്യാസിംഗിന്റെ പരാമര്‍ശം. എബിവിപി (അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത്ത്) പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നഥുറാം ഗോഡ്‌സെയെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ഇതിനു മറുപടി നല്‍കവെയാണു പ്രഗ്യയുടെ പരാമര്‍ശം.
നേരത്തേ, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോഡ്‌സെയെ പ്രഗ്യാസിംഗ് ദേശസ്‌നേഹിയെന്നു വിളിച്ചതു വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയും പ്രഗ്യാസിംഗ് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു.