ഭോപ്പാല്‍: കൊവിഡ് 19നെ പ്രതിരോധിക്കാനായി ഓഗസ്റ്റ് അഞ്ച് വരെ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ആഹ്വാനം. ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തില്‍ ഭൂമി പൂജ നടക്കുന്നത്.
‘കൊറോണ വൈറസ് മഹാമാരിയുടെ അവസാനത്തിനും ജനങ്ങളുടെ നല്ല ആരോഗ്യത്തിനുമായി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുചേര്‍ന്ന് ഒരു ആത്മീയപരിശ്രമം നടത്താം. ജൂലായ് 25 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ ദിവസവും അഞ്ചുപ്രാവശ്യം എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഹനുമാന്‍ ചാലിസ ചൊല്ലണം. ഓഗസ്റ്റ് അഞ്ചിന് വിളക്കുകള്‍ തെളിച്ച്, രാമഭഗവാന് ആരതി അര്‍പ്പിച്ച് ഈ ചടങ്ങ് സമ്പൂര്‍ണമാക്കണം.’ പ്രജ്ഞ ട്വീറ്റ് ചെയ്തു.
ലോക്ഡൗണ്‍ ഓഗസ്റ്റ് നാലിന് അവസാനിക്കുമെങ്കിലും ഹനുമാന്‍ ചാലിസ ചൊല്ലുന്ന ചടങ്ങ് ഭൂമിപൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ നടത്തണം. ആ ദിവസം ദീപാവലി പോലെ നമുക്ക് ആഘോഷിക്കാം. രാജ്യമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഒരേശബ്ദത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ അത് തീര്‍ച്ചയായും ഫലം കാണും. നാം കൊറോണ വൈറസില്‍ നിന്ന് മുക്തരാകും. ഭഗവാന്‍ രാമനോടുളള നിങ്ങളുടെ പ്രാര്‍ഥനയാണ് അത്.’ പ്രജ്ഞ കൂട്ടിച്ചേര്‍ത്തു.