KeralaNews

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം;സമൂഹമാധ്യമങ്ങളില്‍ എം.വി.ഡി പിന്നാലെ,53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴ ഈടാക്കി. 85 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി ഈടാക്കിയത് – 1,66,500 രൂപ. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു.

ട്രാഫിക്ക് വിഭാഗം ഐ.ജി എ.അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം സൗത്ത് സോണ്‍ ട്രാഫിക്ക് എസ്.പി എ.യു സുനില്‍ കുമാര്‍, നോര്‍ത്ത് സോണ്‍ ട്രാഫിക് എസ്.പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.

അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ കണ്ടെത്തി അവയില്‍ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button