32.3 C
Kottayam
Tuesday, April 30, 2024

പിപിഎഫ് അക്കൗണ്ടില്‍ പ്രതിദിനം 250 രൂപ നിക്ഷേപിക്കൂ; 62 ലക്ഷം രൂപ തിരികെ നേടാം;വിശദാംശങ്ങളിങ്ങനെ

Must read

മുംബൈ:രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF – The Public Provident Fund). റിട്ടയര്‍മെന്റിനു (Retirement) ശേഷം നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പാദ്യം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള, സര്‍ക്കാര്‍ പിന്തുണയോടുകൂടിയ ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ധനമന്ത്രാലയത്തിന്റെ നാഷണല്‍ സേവിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് 1968ല്‍ അവതരിപ്പിച്ച പിപിഎഫ്, ഇന്ത്യക്കാര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ (Tax Benefits) ലഭിക്കുന്ന പ്രധാന നിക്ഷേപമായി മാറിയിരിക്കുകയാണ്. സുരക്ഷിതത്വം, ഉയർന്ന റിട്ടേണുകള്‍, നികുതി ആനുകൂല്യങ്ങള്‍ എന്നിവ മൂലം ഈ നിക്ഷേപ പദ്ധതി ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒന്നായി മാറി. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയുള്ളതിനാല്‍ 100 ശതമാനവും അപകടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതിയാണിത്. കൂടാതെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിരക്കുകള്‍ക്ക് അനുസൃതമായല്ല പിപിഎഫ് നീങ്ങുന്നത് എന്നതും ഈ പദ്ധതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.

നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടില്‍ 15 വര്‍ഷം വരെ തുടര്‍ച്ചയായി പണം നിക്ഷേപിക്കാം. എന്നാൽ, 15 വര്‍ഷത്തിന് ശേഷം പണം ഉടനെ ആവശ്യമില്ലെങ്കില്‍, നിക്ഷേപകർക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി എത്ര വര്‍ഷം വേണമെങ്കിലും നീട്ടാന്‍ കഴിയും. ഒരു പിപിഎഫ് അക്കൗണ്ട് എക്സ്റ്റന്‍ഷന്‍ ഫോം സമര്‍പ്പിച്ചുകൊണ്ട് അഞ്ച് വര്‍ഷത്തെ ബ്ലോക്കുകളിലായി കാലാവധി നീട്ടാം. ഇഇഇ റൂളിന്റെ പരിധിയില്‍ വരുന്ന ചുരുക്കം ചില സ്‌കീമുകളില്‍ ഒന്നായതിനാല്‍, നികുതി നിയമങ്ങള്‍ പ്രകാരം പരമാവധി ആനുകൂല്യങ്ങള്‍ നേടുന്നതിന് നിക്ഷേപകര്‍ പണം അവരുടെ പിപിഎഫ് അക്കൗണ്ടുകളില്‍ തന്നെ സൂക്ഷിക്കുന്നത് നല്ലതാണ്.

നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ പലിശ നിരക്ക്. ഇത് സര്‍ക്കാരിന്റെ പിന്തുണയുള്ളതും സ്ഥിരവരുമാനം നൽകുന്നതുമായ ഉല്‍പ്പന്നങ്ങളിൽ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അതിനാല്‍, നിങ്ങള്‍ 15 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വീതംനിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ഏകദേശം 41 ലക്ഷം തിരികെ ലഭിക്കും.

നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ ഒരു ദിവസം 250 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, പ്രതിമാസ നിക്ഷേപ മൂല്യം ഏകദേശം 7,500 രൂപ വരും. ഇതിനര്‍ത്ഥം, നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിങ്ങള്‍ പ്രതിവര്‍ഷം 91,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നു എന്നാണ്. 25 വയസ്സ് മുതല്‍ 50 വയസ്സ് വരെ, അതായത് 25 വര്‍ഷം വരെ ഇത് തുടരുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 62.5 ലക്ഷം രൂപയായിരിക്കും. ഈ തുക പൂര്‍ണമായും നികുതി രഹിതമായിരിക്കും. കൂടാതെ നിങ്ങള്‍ക്ക് ലഭിക്കുന്ന മൊത്തം പലിശ ഏകദേശം 40 ലക്ഷം വരും. 25 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ട ആകെ തുക 22.75 ലക്ഷം രൂപയാണ്.

നിങ്ങള്‍ക്ക് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ കഴിയില്ലെങ്കില്‍ വിഷമിക്കേണ്ട. കാരണം വ്യക്തികള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന തുകയുടെ കുറഞ്ഞ പരിധി 500 രൂപയാണ്. പിപിഎഫ് അക്കൗണ്ടുകള്‍ വളരെ ലളിതമായി തുറക്കാൻ സാധിക്കും. വളരെ എളുപ്പത്തില്‍ ഓണ്‍ലൈനായി ആരംഭിക്കാം, അല്ലെങ്കില്‍ പിപിഎഫ് അക്കൗണ്ട് സജ്ജീകരിക്കുന്നതിന് ബാങ്കുകള്‍ സന്ദര്‍ശിക്കുകയും ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week