തിരുവനന്തപുരം: വി.എസ് ശിവകുമാര്‍ എം.എല്‍.എക്കെതിരെ തലസ്ഥാന നഗരത്തില്‍ വ്യാപക പോസ്റ്ററുകള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കി, അഗ്‌നി ശുദ്ധി വരുത്തണമെന്നാണ് ആവശ്യം. അഴിമതിയുടെ സര്‍വജ്ഞ പീഠം കയറിയ വി.എസ് ശിവകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. തിരുവനന്തപുരം സെന്‍ട്രലില്‍ ശിവകുമാര്‍ വേണ്ടേ വേണ്ടെന്നും സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഹൈക്കമാന്റ് നടപടി സ്വീകരിക്കുകയാണ്. സിറ്റിംഗ് സീറ്റുകളിലടക്കം 35 ഇടങ്ങളില്‍ മാത്രമാണ് ഒറ്റ സ്ഥാനാര്‍ത്ഥിയിലേക്ക് കേരള നേതാക്കള്‍ എത്തിയിരിക്കുന്നത്. മറ്റു മണ്ഢലങ്ങളില്‍ ഒരു സീറ്റിലേക്കെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് പാര്‍ട്ടിയ്ക്ക് മുന്നില്‍ കീറാമുട്ടിയായി നില്‍ക്കുന്നത്. പുതുപ്പള്ളിയെന്ന സുരക്ഷിത മണ്ഡലം വിട്ട് തലസ്ഥാനത്തെ നേമം പിടിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി നീങ്ങണമെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിനോട് ഉമ്മന്‍ ചാണ്ടി അടുക്കാത്തതാണ് പ്രധാന പ്രശ്‌നം. നേമത്താണ് മത്സരമെങ്കില്‍ പുതുപ്പള്ളി,മകന്‍ ചാണ്ടി ഉമ്മന് നല്‍കാന്‍ ധാരണയുണ്ട്. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ കെ.മുരളീധരന്‍ എം.പിയെയാണ് നേമത്തേക്ക് പരിഗണിയ്ക്കുന്നത്. തന്റെ പുതുപ്പള്ളി സീറ്റിനൊപ്പം കെ.ബാബു തൃപ്പൂണിത്തുറ, കെ.സി ജോസഫ് കാഞ്ഞിരപ്പള്ളി സീറ്റുകളും ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് ഉമ്മന്‍ ചാണ്ടി.
എ.ഐ.സി.സി സര്‍വേയില്‍ ഉയര്‍ന്ന റാങ്ക് നേടിയ മാത്യു കുഴല്‍നാടന് മുവാറ്റുപുഴ സീറ്റ് നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കത്തോലിക്കാ സഭയുടെയും എതിര്‍പ്പ് പരിഗണിച്ച് പി.ടി.തോമസിനെ തൃക്കാക്കരയില്‍ നിന്നും ഇടുക്കി പീരുമേട്ടിലേക്ക് മാറ്റാനും ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയില്‍ മത്സരിപ്പിയ്ക്കാനും സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി ഇന്ന് രാവിലെയും നേതാക്കള്‍ യോഗം ചേരും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും തിരിച്ചടി നേരിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ നേമത്ത് മത്സരിക്കുന്നതിലൂടെ ന്യൂനപക്ഷത്തെ തിരികെ കൊണ്ടുവരാനാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. മുരളീധരന് ഇളവ് നല്‍കിയാല്‍ മറ്റുള്ളവര്‍ക്കും ഇളവ് നല്‍കേണ്ട സാഹചര്യമുണ്ടാക്കും. അടൂര്‍ പ്രകാശും സുധാകരനും ഹൈബി ഈഡനും മത്സര രംഗത്തേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് മുരളീധരന് മാത്രമായി ഇളവു നല്‍കാാനവില്ലെന്ന എന്നതാണ് തിരിച്ചടി.