തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തര്‍ക്കം പോസ്റ്റര്‍ യുദ്ധമായി തെരുവിലേക്ക് പടരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്തെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വി.ഡി. സതീശനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മാപ്പില്ല' എന്ന തലക്കെട്ടോടെയാണ് സതീശന്‍ വിരുദ്ധ പക്ഷം ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് സതീശന്‍ അനുകൂലികള്‍ നടത്തിയ പ്രകടനം അക്രമാസക്തമാകുകയും ഉമ്മന്‍ചാണ്ടിയുടെയും കെ.സി. വേണുഗോപാലിന്റെയും ചിത്രങ്ങളുള്ള ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് കെപിസിസി ഓഫീസിന് മുന്നിലെ പുതിയ നീക്കം. 'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി.' എന്നെഴുതിയ ബോര്‍ഡുകള്‍ സതീശന്‍ അനുകൂലികള്‍ വലിച്ചുകീറിയതാണ് നിലവിലെ പ്രകോപനത്തിന് കാരണം.
സതീശനെ ലക്ഷ്യമിട്ട് അക്കമിട്ടുള്ള ചോദ്യങ്ങളാണ് പോസ്റ്ററിലുള്ളത്:
ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെ 'തീവെട്ടിക്കൊള്ളക്കാരുടെ സംഘം' എന്ന് വിശേഷിപ്പിച്ചത് ആര്?
കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആര്?
ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് ജില്ലകള്‍ തോറും 'കൂലിപ്പട്ടാളത്തെ' ഇറക്കി പ്രകടനം നടത്തിയത് ആര്?
കോടികള്‍ മുടക്കി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പൊതുബോധം നിര്‍മ്മിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും ഫ്‌ലക്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയെയും അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെയും വേട്ടയാടിയത് കോണ്‍ഗ്രസിനുള്ളിലെ തന്നെ ചിലരാണെന്ന ഗൗരവകരമായ ആരോപണവും പോസ്റ്റര്‍ പങ്കുവെക്കുന്നുണ്ട്. സതീശനെതിരെയുള്ള ഫ്‌ലക്‌സിന് തൊട്ടടുത്തായി കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള മറ്റൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് കേരളത്തില്‍ ഗ്രൂപ്പ് പോര് നിയന്ത്രണാതീതമാകുന്നത്. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ പക്ഷങ്ങള്‍ പരസ്പരം പോര്‍വിളിയുമായി തെരുവിലിറങ്ങുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് അഖില്‍ മാരാര്‍ പ്രവചിച്ചതുപോലെ സതീശന്‍ ഒറ്റപ്പെടുന്ന സാഹചര്യമാണോ ഇതെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നു.


