വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന് ക്രൂരമായി മര്‍ദ്ദിച്ചു; മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്; വന്യമൃഗത്തെ കൊന്ന് ഇറച്ചി വില്‍പ്പന നടത്തിയ കേസിലും പ്രതി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പോലീസ്. ജോജോ മോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നേരത്തെ വന്യമൃഗത്തെ കൊന്ന് ഇറച്ചി വില്‍പ്പന നടത്തിയ കേസിലെ പ്രതി കൂടിയാണ് ജോജോ കുരിശിങ്കല്‍.

ജോജോ മുന്‍പ് രണ്ടു വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ലൈംഗിക ബന്ധത്തിനു സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മര്‍ദിച്ചെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഒളിവില്‍ കഴിയാന്‍ പ്രതിക്കു ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

താന്‍ വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ജോജോ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാരുമായും ബന്ധം സ്ഥാപിച്ചു. വിവാഹ വാഗ്ദാനം വിശ്വസിച്ച യുവതിയെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ജോജോ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹത്തില്‍ നിന്ന് ജോജോ പിന്നീട് പിന്‍മാറിയതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് യുവതി മരട് പൊലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണങ്ങള്‍ക്കും മൊഴി രേഖപ്പെടുത്തലുകള്‍ക്കും ശേഷം ബുധനാഴ്ച പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ജോജോ കുരിശിങ്കല്‍ മുന്‍പും നിയമനടപടികള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണെന്നാണ് പൊലീസ് പറയുന്നത്. പത്തനാപുരം വനംവകുപ്പ് റേഞ്ച് ഓഫിസിലും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്. നെടുംപാറ വനമേഖലയില്‍ അതിക്രമിച്ചു കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലാണ് വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News