ന്യൂഡല്‍ഹി: മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സ്‌കൂള്‍വിട്ട് തിരികെയെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്തത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം തിരിച്ചറിയുന്നത്.
ഇതേ തുടര്‍ന്ന് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നു ചൂണ്ടിക്കാട്ടി മാതാവ് ജനിക്പുരി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂള്‍ സമയത്തിനിടെ 57 വയസ്സുകാരനായ പ്രതി തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു പരാതി. ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പ്രതി തന്റെ മകളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.


