25 C
Kottayam
Friday, May 10, 2024

പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല

Must read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല. എന്നാല്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തപാല്‍ വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.

കൊവിഡ് രോഗികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വോട്ടിംഗ് സമയത്തിന്റെ ദൈര്‍ഘ്യം നീട്ടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കേരളം, തമിഴ്നാട്, ബംഗാള്‍, ആസാം, എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതിയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചത്.

ഏപ്രില്‍ ആറിനാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ദില്ലി വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാന്‍ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസ്സാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തില്‍ തീരുമാനിക്കും. പുഷ്‌പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.

സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടര്‍മാരുള്ളതില്‍ 579033 പുതിയ വോട്ടര്‍മാരുണ്ട്. 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കും.

ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാന്‍ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികള്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറോട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലില്‍ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളില്‍ കൂടുതല്‍ ജാഗ്രത പുലത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തീയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week