പോപ്പുലര്‍ ഫിനാന്‍സ് ഉടമ എം.ഡി തോമസ് തൊഴിലുറപ്പ് തൊഴിലാളി!

കോന്നി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പോപുലര്‍ ഫിനാന്‍സ് ഉടമ എം.ഡി തോമസ് തൊഴിലുറപ്പ് തൊഴിലാളിയെന്ന് രേഖ. കോന്നി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കാര്‍ഡ് പോപുലര്‍ ഫിനാന്‍സ് എം.ഡി. തോമസ് ഡാനിയേല്‍ 2011-12 കാലഘട്ടത്തില്‍ കോന്നി ഗ്രാമപഞ്ചായത്തില്‍നിന്ന് നേടിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കുമ്പോള്‍ സമര്‍പ്പിക്കാന്‍ സ്വന്തമാക്കിയതാണിതെന്നാണ് കരുതുന്നത്.

വകയാറിലെ സ്വന്തം പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ കൂട്ടത്തില്‍ ഇദ്ദേഹവും തൊഴിലുറപ്പ് തൊഴിലാളി വേതനം പറ്റിയിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ സെക്രട്ടറിക്ക് കാര്‍ഡ് നല്‍കാം.

പറമ്പില്‍ മഴക്കുഴി എടുക്കുന്നതിന്റെ പേരില്‍ കാര്‍ഡ് സ്വന്തമാക്കിയെന്നാണ് കരുതുന്നത്. അടുത്ത ബന്ധുവായ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തോമസ് ഡാനിയേലും ഭാര്യയും മൂന്ന് പെണ്‍മക്കളും ചേര്‍ന്ന് നടത്തിയത്. എന്നാല്‍, കോടികള്‍ നിക്ഷേപിച്ച പലരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

അതേസമയം പോപുലര്‍ തട്ടിപ്പുകേസിലെ പ്രതി ഡോ. റിയ ആന്‍ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന പ്രഭ തോമസ്, ഡോ. റിനു മറിയം തോമസ്, റേബ മേരി തോമസ്, തോമസ് ഡാനിയേല്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തയാറെടുക്കുമ്പോഴാണ് റിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇവരെ നിലമ്പൂരില്‍ നിന്ന് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News