മുംബൈ: വിവാദ ഐ എ എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. പൂജയുടെ പേരിൽ മാത്രം 22 കോടിയോളം വരുന്ന ഭൂസ്വത്തുക്കൾ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അഞ്ച് പുരയിടവും രണ്ട് അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഖേദ്കറാണ് പൂജയുടെ പിതാവ്. ഇദ്ദേഹത്തിന് മാത്രം 40 കോടി രൂപയുടെ ആസ്തിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂനെ ജില്ലയിലെ മഹലുംഗിൽ ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥലങ്ങളാണ് ഉള്ളത്. ധദാവാലിയിൽ 4 കോടിയുടേയും അഹമ്മദ്‌നഗറിലെ പച്ചുണ്ടെ, നന്ദൂർ എന്നിവിടങ്ങളിൽ യഥാക്രമം 25 ലക്ഷവും 1 കോടി രൂപയും വിലമതിക്കുന്ന രണ്ട് സ്ഥലങ്ങൾ ഉണ്ട്. അഹമ്മദ് നഗറിലും പൂനെയിലുമാണ് രണ്ട് അപ്പാർട്ട്മെന്റുകൾ ഉള്ളത്.
അഹമ്മദ്‌നഗറിലെ സവേദിയിലെ 984 ചതുരശ്ര അടി ഫ്‌ളാറ്റിന് 45 ലക്ഷം രൂപയും പൂനെയിലെ കോണ്ട്വയിലെ 724 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെൻ്റിന് 75 ലക്ഷം രൂപയുമാണ് വില. എല്ലാ സ്വത്തുക്കളും 2014 നും 2019 നും ഇടയിൽ സമ്പാദിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രതിവർഷം 42 ലക്ഷം രൂപയുടെ വരുമാനവും ഇവർക്കുണ്ട്.
ഒബിസി നോൺ ക്രിമിലിയർ വിഭാഗത്തിലാണ് പൂജ പരീക്ഷ എഴുതിയത്. ഈ വിഭാഗത്തിൽ പരീക്ഷ എഴുതണമെങ്കിൽ അപേക്ഷകൻ്റെ മാതാപിതാക്കളുടെ വാർഷിക വരുമാനം 8 ലക്ഷത്തിൽ കവിയരുത്. കോടികൾ സ്വത്തുക്കളുള്ള പൂജ എങ്ങനെയാണ് നോൺ ക്രിമിലിയർ വിഭാഗത്തിൽ പരീക്ഷ എഴുതിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
കാഴ്ച പരിമിതിയും പഠന വെല്ലുവിളിയും നേരിടുന്ന വ്യക്തിയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പൂജ യു പി എസ് സി പരീക്ഷ എഴുതിയത്. എന്നാൽ പരീക്ഷാഫലം വന്നതിന് ശേഷം ഒരിക്കൽ പോലും വൈദ്യപരിശോധനയ്ക്ക് വിധേയമാകാൻ ഇവർ തയ്യാറായിട്ടില്ല.
എയിംസിൽ പരിശോധനയ്ക്ക് വരാൻ അറിയിച്ചപ്പോൾ കൊവിഡ് ബാധിച്ചെന്ന് പറഞ്ഞാണ് ഹാജരാകാതിരുന്നത്. ഇതിനിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോർട്ട് ഹാജരാക്കിയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. പൂജ നൽകിയ ജാതി സർട്ടിഫിക്കറ്റിന് പിന്നിലും ക്രമക്കേടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
അതേസമയം പൂജയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്രം ഏകാംഗ പാനൽ രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദ്ദേശിച്ചിരിക്കുന്നത്. തുടർച്ചയായി ആരോപണങ്ങൾ ഉയർന്നതോടെ ഉദ്യോഗസ്ഥയെ പുനെയിൽ നിൻ വാഷിമിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവർ പുതിയ പദവി ഏറ്റെടുത്തു. വിവാദം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന പുതിയ പദവി ഏറ്റെുത്തതിൽ സന്തോഷമുണ്ടെന്നും മറ്റ് വിവാദങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നുമാണ് പൂജ പറഞ്ഞത്.
അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ സ്വകാര്യ കാറില്‍ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചതോടെയാണ് പൂജയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം. ഓഫീസിൽ ഇവർ ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ടതും വിവാദമായി. ഔദ്യോഗിക വസതി, സുരക്ഷയ്ക്കായി കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങളെല്ലാമാണ് പൂജ ആവശ്യപ്പെട്ടത്. പ്രൊബേഷണറി ഐ എ എസ് ഓഫീസർക്ക് ഇത്തരം സൗകര്യങ്ങൾക്ക് അർഹത ഇല്ലെന്നിരിക്കെയാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഇതോടെ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുകയും പൂജയ്ക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.