28.9 C
Kottayam
Sunday, May 12, 2024

പൊന്നമ്പലമേട്ടിലെ പൂജ, സംഘമെത്തിയത് ബസിലും ജീപ്പിലും,9 പ്രതികൾ, കസ്റ്റഡിയിലായവരെ കോടതിയിൽ ഹാജരാക്കും

Must read

പത്തനംതിട്ട : പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറിയ സംഭവത്തിൽ ഒൻപതു പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഇവരിൽ ഏഴ് പേരെ ഇനിയും പിടികൂടേണ്ടതുണ്ട്. പൂജ നടത്തിയ നാരായണൻ, ഒരു കുമളി സ്വദേശി, 5 തമിഴ്നാട് സ്വദേശികൾ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

ഈ മാസം എട്ടിനാണ് സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘമെത്തിയത്. കെഎഫ്ഡിസി ജീവനക്കാർക്ക് തമിഴ്നാട്ടിൽ നിന്നെത്തിയവർ പണം നൽകി. പമ്പ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ മൂഴിയാർ പൊലീസും കേസ് എടുത്തേക്കും. അറസ്റ്റിൽ ഉള്ള രണ്ട് പ്രതികളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.

കെഎഫ്ഡിസി ജീവനക്കാരായ രാജേന്ദ്രൻ കറുപ്പായി, സാബു എന്നിവരെയാണ് റാന്നി കോടതിയിൽ ഹാജരാക്കുക. ഇന്നലെ രാത്രിയിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പൊന്നമ്പലട്ടിൽ പൂജ നടത്തിയ നാരായണനെ ഉടൻ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്.സംഭവത്തിൽ കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കും. 

നാരായണന്റെ നേതൃത്വത്തിൽ ആറ് പേരുടെ സംഘമാണ് പൊന്നമ്പലമേട്ടിൽ പൂജകൾ നടത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്.

മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡും അന്വേഷണം ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും ഡിജിപിക്കും പരാതി നൽകി. മുമ്പ് ശബരിമലയിൽ കീഴ്ശാന്തിക്കാരുടെ സഹായി ആയിരുന്ന സമയത്ത് പ്രതി നാരായണനെതിരെ ചില തട്ടിപ്പ് ആരോപണങ്ങളും ഉയർന്നിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week