കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പോലീസ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച മാത്രം കൊച്ചി സിറ്റി പരിധിയില്‍ 1200 പേര്‍ക്കെതിരെ കേസെടുത്തു. ആദ്യ ദിവസം കലൂര്‍, കളമശ്ശേരി, തൃക്കാക്കര തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലായിരുന്നു പോലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്.
നഗരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുക വഴി രോഗവ്യാപനം ഒരു പരിധി വരെ കുറക്കാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സാമൂഹിക അകലം പാലിക്കാത്തവരും മാസ്‌ക് ഉപയോഗിക്കാത്തവരുമെല്ലാം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കുടുങ്ങി.
പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സമീപത്തുള്ള പോലീസുകാര്‍ക്ക് വയര്‍ലെസ് സന്ദേശമെത്തും. വൈകാതെ തന്നെ പോലീസെത്തി നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. കമ്മീഷണര്‍ നാഗരാജു, ഡിസിപി ഐശ്വര്യ ഡോംഗ്റെ, എസിപി എ.ജെ തോമസ് എന്നിവര്‍ പരിശോധയ്ക്ക് നേതൃത്വം നല്‍കി.