കോഴിക്കോട്: കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ കൊവിഡ് നിരീക്ഷണത്തില്‍. അഗതികളെ തെരുവില്‍ നിന്ന് ക്യാമ്പിലെത്തിച്ച സിഐ ആണ് കൊവിഡ് നിരീക്ഷണത്തില്‍ പോയത്. സിഐയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകുമെന്നാണ് സൂചന.
സിഐ മാധ്യമ പ്രവര്‍ത്തകരടക്കമുള്ള നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടും.
ഇന്നലെ ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പടെ രണ്ട് പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. ഇതില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ 33 കാരനായ അഴിയൂര്‍ സ്വദേശിയാണ്. മാര്‍ച്ച് 20 ന് ദുബായിയില്‍ നിന്ന് നെടുമ്പശ്ശേരി വഴി വന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞു വരികയായിരുന്നു.
രണ്ടാമത്തെയാള്‍ തമിഴ്നാട് സ്വദേശിയാണ് ഇവര്‍ മെഡിക്കല്‍ കോളജിനടുത്തുള്ള അഗതി മന്ദിരത്തിലാണ് കഴിയുന്നത്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്നത് സംബന്ധിച്ച് വ്യക്തയില്ല. ഇവര്‍ക്ക് മാനസിക വൈകല്യം ഉള്ളതിനാല്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തയില്ല. അതിനാല്‍ ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ശ്രമകരമാണ്. ഇവര്‍ക്ക് ഒപ്പം മുറിയില്‍ കഴിഞ്ഞിരുന്ന 6 പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 2770 പേരാണ് നിരീക്ഷണത്തിലുള്ളത്.