വിജയ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത,ചിന്നദളപതിയും അഭിനയരംഗത്തേക്ക്
ചെന്നൈ: തുടര്‍ച്ചയായി ചിത്രങ്ങളുടെ വിജയം,ആദായനികുതി റെയ്ഡ് തുടങ്ങി തമിഴ് സൂപ്പര്‍താരം വിജയ് വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും വെട്ടിത്തിളങ്ങി നില്‍ക്കുന്ന കാലമാണ് കടന്നുപോകുന്നത്.വിജയുടെ വില്ലനായി വിജയ് സേതുപതി എത്തുന്ന മാസ്റ്ററിനായുള്ള കട്ടക്കാത്തിരിപ്പിലാണ് കേരളത്തിലെയും ദളപതി ആരാധകര്‍ എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്. അതിനിടെ ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് നായകുന്നു. താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തില്‍ മാസ്റ്ററിലെ വില്ലന്‍ വിജയ് സേതുപതി തന്നെയാവും ഈ ചിത്രത്തിലും വില്ലന്‍ എന്നതാണ് സൂചന.
തെലുങ്ക് ചിത്രം ഉപ്പേനയുടെ തമിഴ് റീമേക്കിലാണ് ജെയ്സണ്‍ അഭിനയിക്കുന്നത്. ഉപ്പേനയില്‍ വിജയ് സേതുപതി വില്ലനായി അഭിനയിച്ചിരുന്നു. മാസ്റ്ററിന്റെ സെറ്റില്‍ വെച്ച് ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതി തന്നെയാവും ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ കാനഡയില്‍ ഫിലിം സ്റ്റഡീസ് പഠനത്തിലാണ് ജെയ്സണ്‍. നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം താരപുത്രന്‍ അഭിനയത്തിലേക്ക് ചുവടുവെക്കുമെന്നാണ് പറയപ്പെടുന്നത്.
ഉപ്പേന സംവിധാനം ചെയ്ത ബുചി ബാബു സന തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുക. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള പ്രണയകഥയും കോവിഡ് 19 കാരണം റിലീസ് നീട്ടിവെച്ചിരിക്കുകയായിരുന്നു. ചിരഞ്ജീവിയുടെ അനന്തരവന്‍ പഞ്ച വൈഷ്ണവ് തേജ് ആണ് ഉപ്പേനയില്‍ നായകനാകുന്നത്. കൃതി ഷെട്ടിയാണ് നായിക. മെയ് 2നാണ് ചിത്രം റിലീസാകേണ്ടിയിരുന്നത്.