EntertainmentKeralaNews

ഇന്ന് എന്തൊക്കെ ഉണ്ടായിട്ടും ഏറ്റവും വേണ്ടപ്പെട്ടത് മാത്രം ഇല്ല,നടി അനുമോളുടെ കുറിപ്പ്

കൊച്ചി: ലോക്ഡൗണ്‍ കാലം ഓര്‍മ്മകള്‍ അയവിറക്കുന്ന കാലം കൂടിയാണ്.ചലഞ്ചുകളും വിനോദങ്ങളുെമാക്കെയായി താരങ്ങള്‍ കളംനിറയുമ്പോള്‍ അഛനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടി അനുമോള്‍.അച്ഛന്‍ വിട പറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു . ഇന്ന് എന്തൊക്കെ ഉണ്ടായിട്ടും ഏറ്റവും വേണ്ടപ്പെട്ടത് മാത്രം ഇല്ല എന്ന് കുറിപ്പില്‍ പറയുന്നു.

അനുമോളുടെ കുറിപ്പ്….

25 വര്‍ഷങ്ങള്‍..

ന്റെ അച്ഛന്, അച്ഛന്റെ ചങ്കൂറ്റത്തിന്റെ അകമ്പടില്ല്യാതെ തുഴഞ്ഞു തീര്‍ത്ത നീണ്ട 25 വര്‍ഷങ്ങള്‍. പിന്നില്‍ക്ക് നോക്കുമ്പോ, എങ്ങനെ ഇവിടെ വരെത്തീന്നു ആലോചിക്കുമ്പോ നെഞ്ച് ഇടിക്കണൂ. വിങ്ങലോടെയല്ലാതെ അച്ഛനെ കുറിച്ചു എഴുതാനോ ആലോചിക്കാനോ പോലും വയ്യ. എന്തൊക്കെ ണ്ടായാലും ഏറ്റവും വേണ്ടത്, വേണ്ടപ്പെട്ടത് മാത്രം ണ്ടായില്ല, അച്ഛന്‍. ആ അരക്ഷിതാവസ്ഥ, അപകര്‍ഷത ഒന്നിനും പകരം തരാനും ആയില്ല.

പാടവും, കുളവും, ഷാപ്പും, തുടര്‍വള്ളിക്കാവും, മുത്തശ്ശിയാര്‍ കാവും, ചിനവതിക്കാവും കാളയും പൂരവും, വെളിച്ചപാടും പൂതനും തിറയും, മലകയറ്റവും വായനശാലയും ഒക്കെ നിറഞ്ഞു നിക്കണ നടുവട്ടത്തിന്റെ മനോഹരമായ ഇത്തിരി വെട്ടത്തിനപ്പുറത്തെ വിശാലമായ ആകാശം സ്വപ്നം കാണാന്‍ ധൈര്യം തോന്നിയത് അച്ഛന്റെ മകളായതോണ്ട് മാത്രാണ്. എന്തിനേം നേരിടാനും, കുന്നോളം സ്വപ്നം കാണാനും ജീവിതത്തില്‍ ഓരോ വീഴ്ച്ചയിലും എണീറ്റു നിവര്‍ന്നു നിന്നു പൊരുതാനും പഠിപ്പിച്ച ഇമ്മിണി വല്ല്യ അച്ഛന്‍.

ഞങ്ങളെ ചേര്‍ത്തു പിടിച്ചിരുന്നതിനെക്കാളും ചുറ്റും ഉള്ളോരെ ചേര്‍ത്തു പിടിച്ചു, നമ്മടെ സങ്കടങ്ങളെക്കാള്‍ വലുത് ചുറ്റും ഉള്ളവരുടെ വേദന ആണെന്നും പഠിപ്പിച്ചത് അച്ഛന്‍ ആണ്. ഈ 25 ാം വര്‍ഷത്തിലും ഞങ്ങള്‍ ആയാലും ചുറ്റും ഉള്ളോരായാലും അച്ഛനെ ഓര്‍ക്കാത്ത, വീരകഥകള്‍ പറയാത്ത ഒരീസം പോലും ണ്ടായിട്ടുണ്ടാവില്ല. ജീപ്പ് കേസ് ജയിച്ച കഥ, കാര്‍ ഷെഡിലെ തല്ലി തീര്‍ക്കല്‍ കഥ, പട്ടാമ്പി നേര്‍ച്ച അങ്ങനെ കുറെ കഥകള്‍ ഇപ്പഴും ഹിറ്റ് ആണ് ട്ടൊ..

അച്ഛന്‍ സ്റ്റേജില്‍ ഇരുന്നാലെ ഡാന്‍സ് കളിക്കൂ ന്ന് വാശി പിടിച്ചിരുന്ന ഞാന്‍ ഇന്ന് ഓരോ സ്റ്റേജിലും അച്ഛനെ തിരയും, വെറുതെ കുറെ സ്വപ്നം കാണും, ദിവാസ്വപ്നങ്ങള്‍ നു പറയില്ലേ ?കോളജിലേക്കു ട്രെയിന്‍ കയറാന്‍ നിക്കുമ്പോ കുട്ട്യോളെ അച്ചന്മാര്‍ കൊണ്ടാക്കുന്നത് കണ്ടിട്ട് എന്റെ അച്ഛന്‍ വരുന്നത് സ്വപ്നം കണ്ട് ഇരുന്നിട്ട് ണ്ട്, പുതിയ ഏതൊരു സ്ഥലത്തു ചെന്നെറങ്ങുമ്പോ അച്ഛനെ തിരയാറുണ്ട്, തിരിച്ചു വരുമ്പോ എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും കാത്തു നിക്കനുണ്ടാവും നു കരുതും.. ഓരോ ചടങ്ങും ഓരോ സ്റ്റേജിലും അവിടെ എവിടെയോ അച്ഛന്‍ നിന്നു കാണുന്നുണ്ട് ന്നു ഇപ്പോ ന്റെ അടുത്തു വരും തോന്നും. ബ്രെയിനിന്റെ ലോജിക്ക് മനസ്സിന് മനസ്സില്‍ ആവില്ലല്ലോ, ആഗ്രഹങ്ങള്‍ സ്വപ്നങ്ങള്‍ ആവുന്നത് അല്ലെ !

ഒരുപാട് ബുദ്ധിമുട്ടി ഒട്ടും എളുപ്പം ആയിരുന്നില്ല ട്ടൊ ജീവിതം. മാറ്റിനിര്‍ത്തിയവരും ചേര്‍ത്തുനിര്‍ത്തിയവരും ണ്ടായിരുന്നു. സ്‌കൂള്‍, കോളജ്, യാത്രകള്‍, ആവശ്യങ്ങള്‍, സ്ത്രീകള്‍ മാത്രമുള്ള വീട്, ഡാന്‍സ് യാത്രകള്‍, സ്റ്റേജുകള്‍, സിനിമയാത്രകള്‍, പ്രണയം എല്ലാം എല്ലാടത്തും നല്ലോണം അറിഞ്ഞിരുന്നു അച്ഛന്‍ കൂടെ ഇല്ലാത്തത്. 4ാം ക്ലാസിനു ഇവിടെ വരെ എത്താന്‍ ഒട്ടും എളുപ്പം ആയിരുന്നില്ല.. അച്ഛനു ഇത്ര നേരത്തെ അങ്ങട് പോവേണ്ടിയിരുന്നില്ല..

പിന്നെ എപ്പഴോ ഞാന്‍ സ്വയം അച്ഛന്റെ റോള്‍ എടുക്കേണ്ടി വന്നു, മോട്ടടെ ചേച്ചിയും അച്ഛനുമായി, അമ്മ ടെ കരുത്തും ആശ്രയവും, നാട്ടിലും സ്വന്തകാരിലും ഒക്കെ ഞാന്‍ മനോഹരേട്ടന്റെ മോള്‍ ആയി. ആ ലേബല്‍ വലിയ ഒരു ഉത്തരവാദിത്തവും ചുമതലയും ആയിരുന്നു. പറഞ്ഞു കേട്ട അച്ഛന്റെ ആദര്‍ശങ്ങള്‍ ഒന്നും ഞാനും തെറ്റിച്ചിട്ടിച്ചില്ല.

സ്വന്തമായി ഒരു വ്യക്തിത്വം ണ്ടാക്കാന്‍ പറ്റീ ച്ചാലും എന്നും മ്മടെ മനോഹരേട്ടന്റെ മോള്‍ എന്നു കേക്കുന്നതെന്നെ സന്തോഷോം അഭിമാനോം . ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും , നഷ്ടവും നിക്ക് അച്ഛന്‍ ന്നെ ആണ്. നേരിട്ട് ഒരു സ്നേഹപ്രകടനം ഒന്നും ഓര്‍മ ഇല്ല, അച്ഛന്റെ നെഞ്ചത്തു കിടന്നുറങ്ങിയത് അല്ലാതെ, നിറയെ നിറയെ തോനെ തോനെ സ്നേഹം…- അച്ഛേടെ മോള്‍..

ANU MOL

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker