ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍മാരെ പോലീസ് സല്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി. വനിതാ ഡോക്ടറാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. എന്നാല്‍ ഇത് ഔദ്യോഗിക അഭിപ്രായമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി.
ആലപ്പുഴ വെണ്‍മണി സ്വദേശിനിയായ ഡോക്ടര്‍ നീനയാണ് പരാതിക്കാരി. മാര്‍ച്ച് 28നാണ് പരാതി നല്‍കിയത്. അടുത്തിടെയാണ് നടപടി തേടി പരാതി ഡിജിപിക്ക് പോയത്. ഗസറ്റഡ് റാങ്കിലുള്ള ഗവ. ഡോക്ടര്‍മാര്‍ ഡപ്യൂട്ടി കലക്ടര്‍, ഡിവൈഎസ്പി റാങ്കിന് തുല്യരാണ് അതിനാല്‍ സല്യൂട്ടിന് അര്‍ഹരാണെന്നാണ് നീനയുടെ വാദം. എന്നാല്‍ ഡോക്ടര്‍മാരെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
പരാതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോലീസ് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്തെത്തി. കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്. പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണിതെന്നാണ് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പറയുന്നത്.
യൂണിഫോമില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാല്‍ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലര്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന് നിര്‍ദ്ദേശം നല്‍കണം എന്ന പരാതി സര്‍ക്കാരിലേക്ക് അയച്ച അല്‍പ്പത്തരത്തെ അവജ്ഞയോടെ കാണുന്നുവെന്നും ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.