ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ ഫബ്രിസിയോ സൊക്കോര്‍സി കൊവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. കൊവിഡ് മൂലമുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമായത്.
ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്നാണ് മരണമെന്ന് വത്തിക്കാനിലെ ന്യൂസ്പേപ്പറിനെ ഉദ്ധരിച്ചുകൊണ്ട് ഏജന്‍സി വ്യക്തമാക്കി. ഡോക്ടര്‍ എന്നാണ് പോപ്പിനെ നേരിട്ട് കണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
2015 ലാണ് ഫബ്രിസിയോയെ തന്റെ പേഴ്സണല്‍ ഡോക്ടറായി മാര്‍പാപ്പ നിയമിക്കുന്നത്. വത്തിക്കാനിലെ ആരോഗ്യമേഖയുടെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം. അതിനിടെ കൊവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പോപ്പ്. അടുത്ത ആഴ്ച വാക്സിന്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി ഞായറാഴ്ച പോപ്പ് പ്രഖ്യാപനം നടത്തിയിരുന്നു. എല്ലാവരും വാക്സിന്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.