കൊല്ലം: ഉത്ര വധക്കേസില്‍ പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ അഞ്ചല്‍ സിഐ, സിഎല്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. കൊല്ലം റൂറല്‍ എസ്പി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ സിഐ കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു.
കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അഞ്ചല്‍ സിഐക്കെതിരെ ഉത്രയുടെ വീട്ടുകാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സിഐ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ആരോപണം. സിഐ ഒഴികെ, എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ അന്വേഷണം നന്നായി നടത്തിയിരുന്നു എന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.
അസ്വാഭാവിക മരണം ആയിരുന്നിട്ടു പോലും ഉത്രയുടെ മൃതദേഹം ആദ്യം സംസ്‌കരിച്ചിരുന്നു. ഇതിനു നേതൃത്വം നല്‍കിയത് സി ഐ സുധീര്‍ ആയിരുന്നു. ഇതിനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തി.
മെയ് ഏഴിനു തന്നെ അസ്വഭാവിക മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്രയുടെ വീട്ടുകാരും പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും ആദ്യ ഘട്ടത്തില്‍ ഉണ്ടായില്ല. 13ന് വീണ്ടും പോലീസുകാര്‍ പരാതി നല്‍കി. അതിലും കാര്യമായ നടപടി ഉണ്ടായില്ല. തുടര്‍ന്ന് മെയ് 19ന് റൂറല്‍ എസ്പി ഹരിശങ്കറിന് വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുകയും കേസിന്റെ ചുരുളഴിയുകയും ചെയ്തത്. മുന്‍പും സിഐ സുധീറിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.