കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണം; കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് പോലീസ് കേസെടുത്തു

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയതിനാണ് കേസ്. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും ആളെണ്ണം കൂടുതലായിരുന്നെന്നും പോലീസ് പറയുന്നു. കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്.

ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാബു, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവരും എത്തിയിരിന്നു. കണ്ണൂരില്‍ നിന്നടക്കം സുധാകരന്‍ കെപിസിസി അധ്യക്ഷനാവുന്നത് നേരില്‍ കാണാന്‍ ഇന്ന് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News