ടച്ചിംഗ്‌സ് വിനയായി! ബംഗളൂരുവില്‍ നിന്ന് തപാല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ച മദ്യം എലി കരണ്ടതോടെ പിടികൂടി

കൊച്ചി: തപാല്‍ മാര്‍ഗം ബംഗളൂരുവില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിച്ച മദ്യം എക്സൈസ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് തപാല്‍മാര്‍ഗം എത്തിച്ച മദ്യമാണ് എലി കരണ്ടതോടെ എക്സൈസിന്റെ പിടിയിലായത്. മദ്യം പാക്ക് ചെയ്തതിനൊപ്പം ടച്ചിംഗ്സ് ആയി മിക്സചര്‍ കൂടി വച്ചതോടെ ആണ് എലി കരണ്ടത്.

ലോക്ക് ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം ലഭിക്കാതെയായി. ഇതിനിടയിലാണ് ഒരു വിരുതന്‍ തപാല്‍ മാര്‍ഗം ബംഗളൂരില്‍ നിന്ന് മദ്യം വരുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ബംഗളൂരുവില്‍ നിന്ന് മദ്യം അയച്ച സുഹൃത്ത് മദ്യത്തോടൊപ്പം ടച്ചിംഗ്സായി മിക്സ്ചര്‍ കൂടി പാഴ്സലില്‍ വച്ചു.

സുഹൃത്തിനെ സ്നേഹം കൂടി പോയതാണ് വിനയായത്. പാഴ്സല്‍ എലി കരണ്ടു. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ് അധികൃതര്‍ പാഴ്സില്‍ മദ്യം കണ്ടെത്തിയതോടെ വിവരം എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി എ അശോക് കുമാറിനെ അറിയിക്കുകയായിരിന്നു.

തുടര്‍ന്ന് എറണാകുളം അസി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ആര്‍ രാം പ്രസാദിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം പാഴ്സല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാഴ്സലില്‍ കൃത്യമായി അയച്ചയാളുടേയും വാങ്ങേണ്ട ആളുടെയും വിലാസവും ഫോണ്‍ നമ്പറും ചേര്‍ത്തതിനാല്‍ ഇനിയങ്ങോട്ട് എക്സൈസിന് കാര്യങ്ങള്‍ എളുപ്പമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News