താടി നീട്ടി വളര്‍ത്തിയ മുസ്ലീം പോലീസുകാരന്റെ താടി വടിപ്പിച്ചു

ലക്‌നൗ: താടിനീട്ടി വളര്‍ത്തിയ മുസ്ലീം പോലീസുകാരന്റെ താടിവടിപ്പിച്ചു യു.പി പോലീസ്. സസ്പെന്‍ഷനിലായ മുസ്ലിം എസ്.ഐ താടിവടിച്ച് തിരികെ ജോലിയില്‍ കയറി. ബാഗ്പത് ജില്ലയിലെ രാമാല പോലീസ് സ്റ്റേഷനിലെ എസ്.ഐ 46കാരനായി ഇന്‍തിസാര്‍ അലിയെയാണ് താടി വടിച്ചതിനെ തുടര്‍ന്ന് ബാഗ്പത് പോലീസ് സൂപ്രണ്ട് അഭിഷേക് സിങ് വീണ്ടും ജോലിയില്‍ നിയമിച്ചത്.

താടിയില്ലാതെ ഹാജരാക്കിയ ശേഷമാണ് ഉത്തരവ് ലഭിച്ചത്. മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളര്‍ത്തിയെന്നും ഇത് പോലീസിന്റെ ഡ്രസ്‌കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്‍ഷന്‍. യു.പി പോലീസിന്റെ ചട്ട പ്രകാരം സിഖുകാര്‍ക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും താടി നീട്ടി വളര്‍ത്തണമെങ്കില്‍ പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എസ്.ഐ ഡ്രസ്‌കോഡ് തെറ്റിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷമാണ് സസ്പെന്‍ഡ് ചെയ്തത്.

അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇന്‍തിസര്‍ അലി പറഞ്ഞിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി ഒരിക്കലും പ്രശ്നമായി മാറിയിരുന്നില്ലെന്നും സസ്പെന്‍ഷന് പിന്നാലെ അലി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News