‘കേള്‍ക്കുന്നുണ്ടോ പോലീസുകാരന്‍ കെട്ടിയോനെ, വീട്ടിലേക്ക് ആവശ്യമായതെല്ലാം ഓണ്‍ലൈനില്‍ വാങ്ങിക്കോണം’; ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലറിനെ പരിഹസിച്ച് പോലീസുകാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

തൊടുപുഴ: ഇടുക്കിയിലെ പോലീസുകാര്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ ഡി.വൈ.എസ്.പി പുറത്തിറക്കിയ സര്‍ക്കുലറിനെ പരിഹസിച്ച് പോലീസുകാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ജീവനക്കാര്‍ കൊവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അവധിയിലായാലും ക്വാറന്റൈനിലാകാതെ നോക്കണമെന്നും ക്വാറന്റൈനിലായാല്‍ സ്വന്തം നിലയില്‍ ചെലവ് വഹിക്കണമെന്നും ഇവര്‍ വകുപ്പുതല നടപടി നേരിടേണ്ടിവരുമെന്നുമുള്ള സര്‍ക്കുലറാണ് വിവാദമായിരിക്കുന്നത്.

ഡി.വൈ.എസ്.പിമാര്‍ മുഖേനയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ കച്ചവട-വ്യാപാര സ്ഥാപനങ്ങളില്‍ പോകുന്നത് ഒഴിവാക്കി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കുലറിലെ വിവരങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും അറിയിക്കണമെന്നും ഇന്ന് ഉച്ചയ്ക്ക് 12നു മുമ്പായി ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനെതിരെയാണ് പോലീസുകാരന്റെ ഭാര്യ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ‘കേള്‍ക്കുന്നുണ്ടോ പോലീസുകാരന്‍ കെട്ടിയോനെ.’ എന്നുതുടങ്ങിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. സര്‍ക്കുലര്‍ അനുസരിച്ച് വീട്ടിലേക്ക് ആവശ്യമായതെല്ലാം ഓണ്‍ ലൈനില്‍ വാങ്ങിക്കോണമെന്നും റേഷന്‍ കടയിലും മാവേലി സ്റ്റോറിലും ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ മേലധികാരിയോട് പറയണമെന്നുമാണ് പോസ്റ്റിലെ നിര്‍ദേശം.

പോലീസുകാര്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണില്‍ ഡ്യൂട്ടിക്ക് പോകില്ലെന്നും അഥവാ പോകേണ്ടി വന്നാല്‍ കൊറോണയോട് തന്റൊപ്പം വരരുതെന്നും വന്നാല്‍ താന്‍ വകുപ്പു തല നടപടിയ്ക്കു വിധേയനാകേണ്ടി വരുമെന്ന് അഭ്യര്‍ഥിക്കണമെന്നും മറ്റുമാണ് പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.

ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെയും തൊടുപുഴ ഡിവൈഎസ്പി അദ്ദേഹത്തിന്റെയും അറിവിലേക്കായി പറയട്ടെ…ഒരു പോലീസുകാരനും കൊറോണയെ വിളിച്ച് വീട്ടില്‍ കൊണ്ടുപോകാറില്ല സാര്‍.. അത്രമേല്‍ കരുതലോടെയാണ് ഓരോ പോലീസുകാരനും ഈ സിറ്റുവേഷന്‍ കൈക്കാര്യം ചെയ്യുന്നത്..ഇതൊരു മാതിരി സര്‍ക്കുലര്‍ ആയി പോയി സാര്‍..

മനുഷ്യത്വരഹിതമായ ഈ സര്‍ക്കുലര്‍ പിന്‍വലിക്കുക തന്നെ വേണം.. ഇത്രയും മോശം അവസ്ഥയിലും ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് കൊടുക്കാന്‍ പറ്റിയ മെഡലാണ് സാര്‍ വകുപ്പ് തല നടപടി… എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News