KeralaNews

തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം; എന്‍.ഐ.എ അന്വേഷിക്കണം; ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു. തുഷാറിന് ഹവാല, തീവ്രവാദ ബന്ധമുണ്ടെന്നും ഇതേപ്പറ്റി എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്നും സുഭാഷ് വാസു പറഞ്ഞു.

മാവേലിക്കര മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒപ്പ് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണു സുഭാഷ് വാസു ആരോപണം ഉന്നയിച്ചത്. ഹവാല പണം കേരളത്തില്‍ നിന്നു വിദേശത്തേക്കു പോയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ തുഷാറിന്റെയും സഹോദരിയുടെയും 20 വര്‍ഷത്തെ സ്വദേശ, വിദേശ അക്കൗണ്ടുകള്‍ പരിശോധിക്കണം.

ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്‍ സത്യസന്ധനും മാതൃകാ യൂണിയന്‍ സെക്രട്ടറിയുമായിരുന്നു. അദ്ദേഹം 13 കോടി രൂപ അപഹരിച്ചെന്നാണ് വെള്ളാപ്പള്ളി കുടുംബത്തിന്റെ ആരോപണം. ശ്രീകണ്‌ഠേശ്വരം, കണിച്ചുകുളങ്ങര സ്‌കൂളുകളിലെ നിയമനം, മൈക്രോ ഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ടു ലഭിച്ച മുഴുവന്‍ തുകയും തുഷാര്‍ വെള്ളാപ്പള്ളി വാങ്ങിക്കൊണ്ടുപോയെന്ന് മഹേശന്‍ എന്നോട് പറഞ്ഞിരുന്നു.

വണ്ടന്‍മേട്ടില്‍ സ്വകാര്യ കമ്പനിയുടെ 45 ഏക്കര്‍ ഏലത്തോട്ടം 10.8 കോടിക്ക് തുഷാര്‍ മകന്റെ പേരില്‍ വാങ്ങി. ഇതില്‍ ഒന്‍പത് കോടി കള്ളപ്പണമാണ് നല്‍കിയത്. നോട്ട് നിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ 5.5 കോടിയുടെ നിരോധിത കറന്‍സി നല്‍കി സ്വര്‍ണം വാങ്ങി. ഈ തുകയെല്ലാം മഹേശനില്‍ നിന്നു വാങ്ങിയതാണ്. ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇറാന്‍ സ്വദേശിനിയെ ബംഗളൂരുവില്‍ മുന്തിയ കാറും വാടക വീടുമൊരുക്കി താമസിപ്പിച്ചതും അന്വേഷിക്കണം. ഏലത്തോട്ടം വാങ്ങലിലെ ഇടനിലക്കാരന്‍ തന്നെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീയെ തിരിച്ചയ്ക്കാന്‍ ശ്രമിച്ചത്.

പിന്നോക്ക വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട 15 കോടിയുടെ തട്ടിപ്പു കേസില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. തുഷാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലേക്കു പോകാന്‍ പണം അങ്ങോട്ടു മാറ്റുകയാണ്. അതിനാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം. ചേര്‍ത്തലയിലെ ഹോട്ടലിന്റെ ആസ്തി, എസ്എസ്എല്‍സി ബുക്ക് വ്യാജമാണോ എന്നീ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker