ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനിടെ യുവതികളുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പോലീസുകാരന്‍ മരിച്ചു

ലാഹോര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതികളുടെ കൈയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പാകിസ്താനിലെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റത്ത് നഗരത്തിലെ പോലീസ് കോണ്‍സ്റ്റബിളായ ഹസ്സന്‍ ഷഹസാദാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവതികളെയും ഒരു യുവാവിനെയും ഗുജ്റത്ത് പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രിയാണ് ഗുജ്റത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ സുഹൃത്തുക്കളെയും കൂട്ടി ഷഹസാദും മറ്റ് രണ്ട് യുവാക്കളും ലാഹോറിലേക്ക് പോയത്. ഒരു രാത്രി ലാഹോറില്‍ ചിലവഴിച്ച ഇവര്‍ തിരികെ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഷഹസാദിന്റെ കൈവശമുണ്ടായിരുന്ന സര്‍വീസ് പിസ്റ്റല്‍ യുവതികള്‍ കൈക്കലാക്കുകയും ടിക് ടോക് വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇതിനിടെ ഷഹസാദ് തോക്ക് തിരികെ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയും മരിക്കുകയുമായിരുന്നു. ഷഹസാദിന് വെടിയേറ്റതോടെ ഇയാളെ കാറില്‍ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്നവര്‍ സ്ഥലംവിട്ടു.

പിന്നീട് ഇതുവഴിയെത്തിയ പോലീസാണ് ഷഹസാദിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസുകാരന്റെ സുഹൃത്തുക്കളായ മുഹമ്മദ് വലീദ്, ലെയ്ബ സാഹിദ്, റഹീസ ജാവേദ് എന്നിവരാണ് പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News